ന്യൂഡല്‍ഹി: ഫോബ്‌സ് മാസിക പുറത്തുവിട്ട ഏറ്റവും പുതിയ പട്ടികയില്‍ റിലയന്‍സ് മേധാവി മുകേഷ് അംബാനിയടക്കം ഇന്ത്യയില്‍ 121 ശതകോടീശ്വരന്‍മാര്‍ ഇടംപിടിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ശതകോടീശ്വരന്‍മാരായ ഇന്ത്യക്കാരുടെ പട്ടികയില്‍ ഇത്തവണ 19 പേര്‍ അധികമുണ്ട്. 

ലോകത്തെ 2208 ശതകോടീശ്വരന്‍മാരില്‍ 19-ാം റാങ്കാണ് മുകേഷ് അംബാനിക്കുള്ളത്. 2017-ല്‍ 33-ാം റാങ്കായിരുന്നു മുകേഷ് അംബാനിക്ക്. 4010 കോടി ഡോളറിന്റെ ആസ്തിയാണ് 2018-ല്‍ അദ്ദേഹത്തിനുള്ളത്. 2017-ല്‍ 2320 കോടി ഡോളറിന്റെ ആസ്തിയുണ്ടായിരുന്നത് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ 1690 കോടി വര്‍ധിച്ചു.

അമേരിക്കയില്‍ 585 ഉം ചൈനയില്‍ 373 ഉം ശതകോടീശ്വരന്‍മാരുണ്ട്. മുകേഷ് അംബാനിയെ കൂടാതെ ഫോബ്‌സിന്റെ പട്ടികയില്‍ ആദ്യ നൂറില്‍ ഇടംപിടച്ചത് അസീം പ്രേംജി (58), ലക്ഷ്മി മിത്തല്‍ (62) ശിവ് നദാര്‍ (98) എന്നിവരാണ്. മലയാളിയായ എംഎ യൂസഫലി 388-ാം സ്ഥാനത്താണ്.

39-കാരനായ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയാണ് ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍. 92-കാരനായ അല്‍കേം ലാബൊറട്ടറീസ് ചെയര്‍മാന്‍ സംപ്രദാ സിങാണ് രാജ്യത്തെ പ്രായം കൂടിയ ശതകോടീശ്വരന്‍.