മുംബൈ: പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് പോലീസ് സുരക്ഷ ശക്തമാക്കി. രണ്ട് അജ്ഞാതര്‍ ആന്റിലയേക്കുറിച്ച് തന്നോട് അന്വേഷിച്ചതായി ഒരു ടാക്‌സി ഡ്രൈവര്‍ മുംബൈ പോലീസിന് വിവരം കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ആന്റിലയ്ക്ക് സുരക്ഷ ശക്തമാക്കിയത്. കെട്ടിടത്തിന് ചുറ്റുമുള്ള സി.സി.ടി.വി. ക്യാമറകള്‍ പരിശോധിക്കുമെന്നും മുംബൈ സിറ്റി പോലീസ് അറിയിച്ചു. 

രണ്ടു പുരുഷന്മാര്‍ വന്ന്, ആന്റില എവിടെ ആണെന്ന് തന്നോട് ചോദിച്ചതായാണ് ടാക്‌സി ഡ്രൈവര്‍ ഫോണിലൂടെ പോലീസിനെ അറിയിച്ചത്. ഇവരുടെ കയ്യില്‍ വലിയ ബാഗുണ്ടായിരുന്നെന്നും പോലീസ് മാധ്യമങ്ങളോടു പറഞ്ഞു. ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തിയതായും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സാഹചര്യം വിലയിരുത്തുണ്ടെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു. 

കഴിഞ്ഞ ഫെബ്രുവരിയില്‍, ആന്റിലയുടെ മുന്നില്‍ നിര്‍ത്തിയിട്ട വാനില്‍നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. 20 ജെലാറ്റിന്‍ സ്റ്റിക്കായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. കൂടാതെ മുകേഷ് അംബാനിയുടെയും നിത അംബാനിയുടേയും പേര്‍ക്കുള്ള കത്തും വാഹനത്തിലുണ്ടായിരുന്നു. മോഷ്ടിക്കപ്പെട്ട വാഹനമായിരുന്നു ഇതെന്ന് പിന്നീട് കണ്ടെത്തി. ഇതിന്റെ ഉടമ കൊല്ലപ്പെട്ടതായും കണ്ടെത്തിയിരുന്നു. സംഭവത്തെ കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ഈ സംഭവത്തിനു പിന്നാലെ ആന്റിലയ്ക്ക് സുരക്ഷ ശക്തമാക്കിയിരുന്നു. 

content highlights: mukesh ambani's home gets more security as taxi driver alerts police