ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയും കുടുംബവും ലണ്ടനിലേക്ക് താമസം മാറ്റുന്നുവെന്ന പ്രചാരണത്തില്‍ വിശദീകരണവുമായി കമ്പനി രംഗത്തെത്തി. യാതൊരു അടിസ്ഥാനവുമില്ലാത്ത റിപ്പോര്‍ട്ടുകളാണ് ഇതെന്നാണ് റിയലന്‍സ് ഗ്രൂപ്പ് അറിയിച്ചിരിക്കുന്നത്.

'ലണ്ടനിലെ സ്റ്റോക്ക് പാര്‍ക്കിലേക്ക് താമസം മാറാന്‍ അംബാനി കുടുംബത്തിന് പദ്ധതിയുള്ളതായി അടുത്തിടെ ഒരു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട് സാമൂഹിക മാധ്യമങ്ങളില്‍ അനാവശ്യ ഊഹാപോഹങ്ങള്‍ക്ക് കാരണമായി. ചെയര്‍മാനോ കുടുംബമോ ലണ്ടനിലേക്കോ മറ്റെവിടേക്കെങ്കിലുമോ താമസം മാറ്റാന്‍ ഒരു പദ്ധതിയും ഇല്ലെന്ന് വ്യക്തമാക്കാന്‍ ആര്‍ഐഎല്‍ ആഗ്രഹിക്കുന്നു', റിലയന്‍സിന്റെ വിശദീകരണ കുറിപ്പില്‍ വ്യക്തമാക്കി.

ലണ്ടനിലെ സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് റിലയന്‍സ് ഏറ്റെടുത്തതിന് പിന്നാലെയാണ് അംബാനിയും കുടുംബവും ഇങ്ങോട്ടേക്ക് താമസം മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകളുണ്ടായത്. എന്നാല്‍, ഈ പൈതൃക എസ്‌റ്റേറ്റ് ഒരു 'പ്രീമിയര്‍ ഗോള്‍ഫിങ്, സ്പോര്‍ട്സ് റിസോര്‍ട്ട്' ആക്കി മാറ്റുക എന്ന ഉദ്ദേശത്തോടെയാണെന്ന് ഏറ്റെടുത്തതെന്നാണ് റിലയന്‍സ് വ്യക്തമാക്കുന്നത്.

592 കോടി രൂപയ്ക്കാണ് സ്റ്റോക് പാര്‍ക്ക് എസ്റ്റേറ്റ് അംബാനി ഈ വര്‍ഷം ആദ്യം വാങ്ങിയത്. എസ്റ്റേറ്റില്‍ 49 കിടപ്പുമുറികളും ഒരു ബ്രിട്ടീഷ് ഡോക്ടര്‍ നയിക്കുന്ന അത്യാധുനിക മെഡിക്കല്‍ സൗകര്യവും മറ്റ് ആഡംബരങ്ങളും ഉണ്ട്.

Content Highlights: Mukesh Ambani and family have no plans of relocating to London, Reliance Industries clarifies