മുഹമ്മദ് സുബൈർ| Photo: https://twitter.com/zoo_bear
ന്യൂഡല്‍ഹി: താന്‍ ചെയ്തിരുന്ന ജോലി തുടര്‍ന്നു ചെയ്യുമെന്നും അതിന് സുപ്രീംകോടതി ഒരു തരത്തിലുള്ള വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ആള്‍ട്ട് ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈര്‍. മതവികാരം വ്രണപ്പെടുത്തുന്ന ട്വീറ്റുകള്‍ പോസ്റ്റ് ചെയ്തുവെന്ന കേസില്‍ രണ്ട് ദിവസം മുന്‍പാണ് മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂണ്‍ 27ന് ആണ് സുബൈറിനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഒരു ട്വീറ്റിന് രണ്ട് കോടി പ്രതിഫലം എന്ന ആരോപണത്തെ കുറിച്ച് അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും ആരും തന്നോട് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായ ശേഷം മാത്രമാണ് ഇത്തരമൊരു ആരോപണത്തെ കുറിച്ച് താന്‍ അറിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ട് കോടി രൂപ പ്രതിഫലം പറ്റിയാണ് ട്വീറ്റുകള്‍ എന്ന ആരോപണം ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് കോടതിയില്‍ ഉന്നയിച്ചത്.
മുഹമ്മദ് സുബൈര്‍ ഒരു മാധ്യമപ്രവര്‍ത്തകനല്ലെന്നും തെറ്റായ രീതിയിലൂടെ പണം സമ്പാദിക്കുന്ന വ്യക്തിയാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. വിദ്വേഷ പ്രസംഗങ്ങളുടെ വീഡിയോ ട്വീറ്റ് ചെയ്ത് മതസ്പര്‍ധയുണ്ടാക്കുകയാണ് സുബൈറിന്റെ ജോലിയെന്ന് യുപി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകയായ ഗരിമ പ്രസാദ് കോടതിയില്‍ വാദിച്ചിരുന്നു.
സുബൈറിനെതിരായ കേസുകള്‍ അന്വേഷിക്കുന്നതിന് ഉത്തര്‍പ്രദേശ് പോലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെ കോടതി പിരിച്ചുവിട്ടിരുന്നു. സുബൈറിനെതിരായ ഉത്തര്‍പ്രദേശിലെ ആറ് കേസുകള്‍ ഉള്‍പ്പെടെ എല്ലാ കേസുകളും ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സീതാപുര്‍, ഡല്‍ഹി എന്നിവിടങ്ങളിലെ സുബൈറിനെതിരായ കേസുകളില്‍ നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
സമാനസ്വഭാവമുള്ള കേസുകളില്‍ ദീര്‍ഘകാലം കസ്റ്റഡിയില്‍ വെച്ചിരിക്കുന്നതിന്റെ സാങ്കേതികത്വവും ജാമ്യം അനുവദിച്ച വേളയില്‍ കോടതി ചോദ്യംചെയ്തു. യുപിയില്‍ ആറ് കേസുകളില്‍ എഫ്ഐആര്‍ ഇട്ടിട്ടുണ്ട്. ഇത് ഒറ്റ കേസായി എഫ്ഐആര്‍ ഇട്ട ശേഷം ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ ആയിരിക്കും കേസ് അന്വേഷിക്കുകയെന്നും കോടതി ഉത്തരവില്‍ പറയുന്നു.
ഇനി ട്വീറ്റുകള്‍ ചെയ്യരുതെന്ന നിര്‍ദേശം സുബൈറിന് നല്‍കണമെന്ന് യുപി പോലീസിന് വേണ്ടി ഹാജരായ അഭിഭാഷകന് ഗരിമ പ്രസാദ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആ ആവശ്യം അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. ഒരു അഭിഭാഷകനോട് പ്രാക്ടീസ് ചെയ്യരുതെന്ന് പറയുന്നതിന് തുല്യമായിരിക്കും സുബൈറിനോട് ട്വീറ്റ് ചെയ്യരുതെന്ന് പറയുന്നതെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതി ഈ ആവശ്യം തള്ളിയത്.
മുഹമ്മദ് സുബൈറിന് എതിരെ കൂടുതല്‍ നടപടി എടുക്കുന്നതില്‍നിന്ന് ഉത്തര്‍പ്രദേശ് പോലീസിനെ സുപ്രീം കോടതി നേരത്തെ വിലക്കിയിരുന്നു. യുപിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന അഞ്ച് കേസുകളിലാണ് കൂടുതല്‍ നടപടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ട്വീറ്റുകള്‍ ചൂണ്ടിക്കാട്ടി മുഹമ്മദ് സുബൈറിന് എതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ ഉള്ളടക്കം ഏറെക്കുറെ സമാനമാണെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു.
ഒരു കേസില്‍ ജാമ്യം ലഭിക്കുമ്പോള്‍ മറ്റൊരു കേസില്‍ അറസ്റ്റ് ചെയ്യുകയാണ്. ഈ ദുഷിച്ച പ്രവണത തുടരുകയാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..