ന്യൂഡല്‍ഹി: ദേശീയ വിദ്യാഭ്യാസത്തെ നയത്തെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്സ് എം.പി. ശശിതരൂര്‍. അതേസമയം, പാര്‍ലമെന്റില്‍ അവതരിപ്പിക്കാതെ നയം കൊണ്ടുവന്നതില്‍ തരൂര്‍ അതൃപ്തി രേഖ്പപെടുത്തുകയും ചെയ്തു. ട്വിറ്ററിലാണ് ദേശീയവിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട ആശങ്കകളും പ്രതീക്ഷകളും തരൂര്‍ പങ്കുവെച്ചത്.

"ഡോ .ആര്‍.പി. നിശാങ്ക് പ്രഖ്യാപിച്ച പുതിയ ദേശീയ വിദ്യാഭ്യാസനയത്തില്‍ സ്വാഗതാര്‍ഹമായ പല കാര്യങ്ങളുമുണ്ട്. ഞങ്ങളെപ്പോലുള്ള ചിലര്‍ ഉയര്‍ത്തിയ നിര്‍ദേശങ്ങളും മുഖവിലക്കെടുത്തിട്ടുണ്ട്. പക്ഷെ ഇത് പാര്‍ലമെന്റില്‍ എന്ത്‌കൊണ്ട് ചര്‍ച്ചയ്ക്ക് വെച്ചില്ല എന്നതാണ് ബാക്കിയാവുന്ന ചോദ്യം." തരൂര്‍ ആദ്യ ട്വീറ്റില്‍ കുറിച്ചു.

"ഞാന്‍ മാനവ വിഭവ ശേഷി മന്ത്രാലയത്തില്‍ ആയിരുന്ന കാലത്തു തന്നെ 1986-ലെ ദേശീയ വിദ്യാഭ്യാസ നയം പുനപരിശോധനയ്ക്ക് വിധേയമാക്കണമെന്നും 21ാം നൂറ്റാണ്ടിലേതിനു അ‌നുയോജ്യമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു തീരുമാനത്തിലെത്താന്‍ ആറ് വര്‍ഷമെടുത്തെങ്കിലും അവരത് ചെയ്തു എന്നതില്‍ സന്തോഷമുണ്ട്. പക്ഷെ ആഗ്രഹത്തിനൊത്ത് ഇനി ഇതെല്ലാം നടപ്പിലാക്കുകയെന്നതാണ് വെല്ലുവിളി." തരൂര്‍ പറഞ്ഞു.

ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തില്‍ ചിലവഴിക്കണമെന്നതാണ് 1948 മുതലുള്ള രാജ്യത്തിന്റെ നയം. കഴിഞ്ഞ ആറ് വര്‍ഷത്തെ മോദി ഭരണകാലത്തില്‍ വിദ്യാഭ്യാസത്തില്‍ ചിലവഴിച്ച തുക നന്നേ കുറവാണ്. അങ്ങനെയെങ്കില്‍ 6 ശതമാനമെന്നത് എങ്ങനെ സാധ്യമാവുമെന്നും തരൂർ ചോദിക്കുന്നു.

ഉന്നത വിദ്യാഭ്യാസമേഖലയില്‍ 50 ശതമാനം പ്രവേശന അനുപാതമെന്ന ലക്ഷ്യവും പത്താംക്ലാസ് തലത്തില്‍ 100% പ്രവേശന അനുപാതമെന്നതും പ്രശംസനീയമാണ്. നിലവില്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലത് 25% എന്നും ഒമ്പതാം ക്ലാസ്സില്‍ 68% എന്നുമാവുമ്പോള്‍  അത് യാഥാര്‍ഥ്യബോധത്തോട് ചേര്‍ന്നു നില്‍ക്കുന്നതാണോ എന്ന സംശയം തോന്നിയേക്കാം എന്ന ആശങ്കയും തരൂര്‍ പങ്കുവെക്കുന്നുണ്ട്.

ഗവേഷണമേഖലയ്ക്ക് സര്‍ക്കാര്‍ കുറച്ചു കൂടി പ്രാധാന്യം നല്‍കണമായിരുന്നു എന്നും തരൂര്‍ ഓര്‍മ്മിപ്പിക്കുന്നു. "ഗവേഷണ മേഖലയില്‍ മൊത്ത നിക്ഷേപം 2008ല്‍ .84% എന്നത് 2018ല്‍ .6% ആയി ചുരുങ്ങി. ഇന്ത്യയില്‍ ഒരു ലക്ഷം പേരില്‍ ഒരു ഗവേഷകനെന്നതാണ് അനുപാതം. എന്നാല്‍ ചൈനയിലത് ഒരു ലക്ഷം പേരില്‍ 111 ആണ്." തരൂര്‍ വ്യക്തമാക്കി.

content highlights: Much to welcome in National Education Policy but some challenges, says Tharoor