ന്യൂഡല്‍ഹി: സ്വന്തം ശമ്പളം വര്‍ധിപ്പിക്കാനുളള എംപിമാരുടെ അധികാരത്തെ ചോദ്യംചെയ്ത് ബിജെപി എംപി വരുണ്‍ ഗാന്ധി. തന്നിഷ്ടത്തിന് വാരിക്കോരി എടുക്കുന്ന ഈ രീതി ജനാധിപത്യ സങ്കല്‍പത്തിന്റെ ആണിക്കല്ലിളക്കുന്ന നടപടിയാണെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു. 

കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ ഉണ്ടായത് 400 ശതമാനം വര്‍ധനയാണ്. പ്രതിഫലം വര്‍ധിച്ചതല്ലാതെ എംപിമാരുടെ ജോലിയോ ഉത്തരവാദിത്തങ്ങളോ കൂടിയിട്ടില്ലെന്നും പാര്‍ലമെന്റ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

സ്വന്തം ശമ്പളം എത്രയാവണമെന്ന് എംപിമാര്‍ തീരുമാനിക്കുന്ന രീതി അവസാനിപ്പിക്കണമെന്ന് വരുണ്‍ ഗാന്ധി അഭിപ്രായപ്പെട്ടു. എംപിമാര്‍ക്ക് ഇങ്ങനെ ശമ്പളം വര്‍ധിപ്പിക്കേണ്ട കാര്യമുണ്ടോയെന്നും ബ്രിട്ടീഷ് പാര്‍ലമെന്റിലേത് പോലെ ശമ്പളവര്‍ധന നടപ്പാക്കാന്‍ ഒരു സമിതിയെ നിയോഗിക്കുകയാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടനില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പാര്‍ലമെന്റ് അംഗങ്ങളുടെ ശമ്പളത്തില്‍ 13 ശതമാനം വര്‍ധന മാത്രമാണ് ഉണ്ടായത്.

ലോക്‌സഭ ചേരുന്ന ദിവസങ്ങള്‍ പത്ത് വര്‍ഷത്തിനിടെ ക്രമേണ കുറയുകയാണ് ചെയ്തത്. എന്നിട്ടും ശമ്പളം വന്‍തോതില്‍ വര്‍ധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 18000 കര്‍ഷകരാണ് ഇന്ത്യയില്‍ ആത്മഹത്യ ചെയ്തത്. അതേക്കുറിച്ച് എന്തെങ്കിലും പറയാനോ ചെയ്യാനോ നമുക്ക് കഴിയാത്തത് എന്തുകൊണ്ടാണെന്നും വരുണ്‍ ഗാന്ധി പാര്‍ലമെന്റില്‍ ചോദിച്ചു. എംപിമാരുടെ ശ്രദ്ധയൊക്കെ ഏതു കാര്യത്തിലാണെന്ന ആക്ഷേപവും വരുണ്‍ ഗാന്ധിയുടെ ഭാഗത്തുനിന്നുണ്ടായി.