എം.പി. വീരേന്ദ്രകുമാര്‍ സ്മാരക സെമിനാര്‍: കുടുംബാധിപത്യം വെല്ലുവിളി - വി. മുരളീധരന്‍


മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്ത് ചോരാതെ പിടിച്ചുനിര്‍ത്തിയ ആളുകളില്‍ പ്രധാനിയായിരുന്നു ബഹുമുഖപ്രതിഭയായ വീരേന്ദ്രകുമാറെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു

മാതൃഭൂമി മുൻമാനേജിങ് ഡയറക്ടർ എം.പി. വീരേന്ദ്രകുമാറിന്റെ ജന്മവാർഷികത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച സെമിനാറിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ പ്രസംഗിക്കുന്നു. കോൺഗ്രസ് മാധ്യമവിഭാഗം മേധാവി പവൻ ഖേര, സാമൂഹികപ്രവർത്തകൻ യോഗേന്ദ്ര യാദവ്, ജോൺ ബ്രിട്ടാസ് എം.പി., പ്രശാന്ത് ഭൂഷൺ, രാജ്യസഭാംഗം മനോജ് ഝാ, മുൻ എം.പി. സ്വപൻ ദാസ്ഗുപ്ത എന്നിവർ സമീപം | -ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡല്‍ഹി: ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വലിയ വെല്ലുവിളികളിലൊന്ന് കുടുംബാധിപത്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. കേന്ദ്രത്തിലെ മുഖ്യ പ്രതിപക്ഷപാര്‍ട്ടി അടക്കം ഈ രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോഷ്യലിസ്റ്റ് നേതാവും മുന്‍ കേന്ദ്രമന്ത്രിയും എഴുത്തുകാരനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായിരുന്ന എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തില്‍ സ്മാരകസമിതി 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന കക്ഷികളിലടക്കം ഉള്‍പ്പാര്‍ട്ടി ജനാധിപത്യം ഇല്ലാതിരിക്കെ രാജ്യത്ത് ജനാധിപത്യം വേണമെന്ന് എങ്ങനെ അവര്‍ക്ക് അവകാശപ്പെടാനാവും. ജനാധിപത്യം കരുത്താര്‍ജിക്കുന്നതിന്റെ ശക്തമായ തെളിവാണ് ദ്രൗപദി മുര്‍മുവിന്റെ രാഷ്ട്രപതിസ്ഥാനനേട്ടം. പരമോന്നത പദവിയില്‍ സാധാരണക്കാരനും അധഃസ്ഥിതനും ദുര്‍ബല വിഭാഗക്കാരനും പാര്‍ശ്വവത്കരിക്കപ്പെട്ടവനും എത്താന്‍ സാധിക്കും എന്നത് ജനാധിപത്യത്തിന്റെ ശക്തി ബോധ്യപ്പെടുത്തുന്നതാണ്. അതിന്റെ പിറ്റേദിവസം തന്നെ വെല്ലുവിളികള്‍ ചര്‍ച്ചചെയ്യുന്നത് അക്കാര്യം ഒരിക്കല്‍ക്കൂടി ബോധ്യപ്പെടുത്താനാണ് സഹായിക്കുക.

പ്രതിപക്ഷത്തിന്റെ മനോഭാവം ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്. അഴിമതിക്കേസില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുമ്പോഴടക്കം റോഡിലിറങ്ങി പ്രതിഷേധിക്കുന്നു. രാജ്യത്തിന്റെ നേട്ടം പറയുമ്പോള്‍ മുഖം തിരിക്കുന്നു. പാര്‍ലമെന്റ് സമ്മേളനം തുടങ്ങുന്ന സമയം സ്പീക്കറും ഉപരാഷ്ട്രപതിയും ഇന്ത്യ 200 കോടി വാക്‌സിന്‍ നേട്ടം കൈവരിച്ചത് പറഞ്ഞപ്പോള്‍ പ്രതിപക്ഷത്ത് നിശ്ശബ്ദതയായിരുന്നെന്നും മന്ത്രി പറഞ്ഞു.

മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ കരുത്ത് ചോരാതെ പിടിച്ചുനിര്‍ത്തിയ ആളുകളില്‍ പ്രധാനിയായിരുന്നു ബഹുമുഖപ്രതിഭയായ വീരേന്ദ്രകുമാറെന്ന് മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. വീരേന്ദ്രകുമാറിന്റെ ജന്മവാര്‍ഷിക അനുസ്മരണത്തില്‍ പങ്കെടുക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നറിയിച്ച മന്ത്രി, അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ നമുക്കിടയില്‍ ജീവിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചുപോകുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്നും ചൂണ്ടിക്കാട്ടി. മാധ്യമപ്രവര്‍ത്തനം ആഴത്തിലുള്ള പഠനങ്ങളോ പരിശോധനകളോ ഇല്ലാതെ നടത്തുന്ന പുതുതലമുറയെ കാണുമ്പോള്‍ അദ്ദേഹം ജീവിച്ചിരിക്കണമെന്ന് നാമാഗ്രഹിക്കുന്നു -മന്ത്രി കൂട്ടിച്ചേര്‍ത്തു.

പ്രസംഗം കഴിഞ്ഞയുടന്‍ കേന്ദ്രമന്ത്രി പോയി; പ്രതിഷേധം

ന്യൂഡല്‍ഹി: ഉദ്ഘാടനപ്രസംഗം കഴിഞ്ഞയുടന്‍ മന്ത്രി വി. മുരളീധരന്‍ വേദിവിട്ടതില്‍ മറ്റു പ്രാസംഗികരുടെ പ്രതിഷേധം. മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്നു കേള്‍ക്കാതെ മന്ത്രി പോകുന്നതാണ് ഇന്ത്യന്‍ ജനാധിപത്യം ഇന്നു നേരിടുന്ന വലിയവെല്ലുവിളിയെന്ന് വേദിയിലുണ്ടായിരുന്ന കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേരയും സാമൂഹികപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവും മന്ത്രി ഇറങ്ങുമ്പോള്‍ത്തന്നെ പറഞ്ഞു. ഇവരുടെ പ്രതികരണത്തെ സദസ്സിലെ ചിലര്‍ കൈയടികളോടെ സ്വീകരിച്ചു. ദീര്‍ഘനേരം സംസാരിച്ചശേഷം മറ്റുള്ളവരെ കേള്‍ക്കാതെ പോയ മന്ത്രിയുടെ നടപടിയെ പിന്നീട് സംസാരിച്ചവരും വിമര്‍ശിച്ചു.

മറ്റു പ്രാസംഗികര്‍ എങ്ങനെയാണ് പ്രതികരിക്കുകയെന്ന് മന്ത്രിക്കറിയാമായിരുന്നുവെന്ന് അധ്യക്ഷപ്രസംഗത്തില്‍ ജോണ്‍ ബ്രിട്ടാസ് പറഞ്ഞു. ജനാധിപത്യത്തിന്റെ വെല്ലുവിളി എന്താണെന്ന് മനസ്സിലാക്കണമെങ്കില്‍ ജനാധിപത്യം എന്താണെന്നറിയണമെന്ന് മുഖ്യപ്രഭാഷകന്‍ പ്രശാന്ത് ഭൂഷണും പറഞ്ഞു. മന്ത്രിയുടെ അഹങ്കാരവും ആ പാര്‍ട്ടിക്കാരനായ സ്വപന്‍ ദാസ് ഗുപ്ത പിന്നാലെ ഇറങ്ങിപ്പോയതുമാണ് ജനാധിപത്യത്തിന്റെ വെല്ലുവിളിയെന്ന് തുടര്‍ന്ന് പ്രസംഗിച്ച പവന്‍ ഖേര ആവര്‍ത്തിച്ചു.

വീരേന്ദ്രകുമാറും താനും രാജ്യസഭയില്‍ ഒരേ ബെഞ്ചിലായിരുന്നെന്ന് അനുസ്മരിച്ച മനോജ് ഝാ, ജനാധിപത്യത്തിന്റെ ഏറ്റവുംവലിയ വെല്ലുവിളി നമ്മുടെ മുന്നില്‍ നടന്നതാണെന്ന് അഭിപ്രായപ്പെട്ടു. ജനാധിപത്യം ജനാധിപത്യത്തിന്റെ സംസ്‌കാരത്തിലേ വളരൂ എന്ന് യോഗേന്ദ്ര യാദവ് പറഞ്ഞു. ഇന്ന് ഈ മുറിയില്‍ നാം സാക്ഷ്യംവഹിച്ചതാണ് ജനാധിപത്യസംസ്‌കാരത്തിനുള്ള വെല്ലുവിളിയെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം തിരിച്ചുപിടിക്കണം -പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: ജനാധിപത്യത്തെയും റിപ്പബ്ലിക്കിനെയും തിരിച്ചുപിടിക്കാന്‍ ശക്തമായ ജനമുന്നേറ്റം ആവശ്യമാണെന്ന് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പ്രതിപക്ഷം തകര്‍ന്ന സാഹചര്യത്തില്‍ ജനമുന്നേറ്റമുണ്ടാക്കാന്‍ സ്വതന്ത്ര മാധ്യമമേഖലയെ ഉപയോഗിക്കാമെന്നും അദ്ദേഹം പറഞ്ഞു. എം.പി. വീരേന്ദ്രകുമാറിന്റെ 86-ാം ജന്മദിനത്തില്‍ സ്മാരകസമിതി 'ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വെല്ലുവിളികള്‍' എന്ന വിഷയത്തില്‍ നടത്തിയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സാമൂഹികമാധ്യമങ്ങള്‍ ആപേക്ഷികമായി സ്വതന്ത്രമായതിനാല്‍ ജനങ്ങള്‍ക്ക് ഒത്തുകൂടാന്‍ അതുപയോഗിക്കാം. വര്‍ഗീയവിദ്വേഷ പ്രചാരണത്തിനുപകരം മതസൗഹാര്‍ദം സമൂഹത്തിലെത്തിക്കാന്‍ ഈ മാധ്യമങ്ങളെ ജനശബ്ദമാക്കാം. ജനാധിപത്യത്തിനും റിപ്പബ്ലിക്കിനുമെതിരേയുള്ള വെല്ലുവിളി നേരിടാന്‍ സമയംവരുമ്പോള്‍ ജനങ്ങള്‍ ഇറങ്ങിയില്ലെങ്കില്‍ അതൊരിക്കലും തിരിച്ചുപിടിക്കാനാവില്ലെന്നും ഭൂഷണ്‍ പറഞ്ഞു.

തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കിപ്പോള്‍ പണം ചെലവഴിക്കുന്നതിന് നിയന്ത്രണമില്ല. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ചെലവഴിച്ചത് 50,000 കോടിയാണ്. ഓരോ സ്ഥാനാര്‍ഥിക്കും ചെലവഴിക്കാനാവുന്നതിലും 100 മടങ്ങ് ചെലവാക്കി. സ്ഥാനാര്‍ഥികള്‍ പണരഹിത ഇടപാട് നടത്താന്‍ നിയമമുണ്ടാക്കണം. രാജ്യത്ത് ജൂഡീഷ്യറിയിലും അഴിമതി വന്നിരിക്കുന്നു. സര്‍ക്കാരിന് അനുകൂലമായ വിധിപറഞ്ഞ ജസ്റ്റിസ് ഗൊഗോയിക്ക് രാജ്യസഭാംഗത്വം നല്‍കി. ജസ്റ്റിസ് അരുണ്‍ മിശ്ര വിരമിക്കുന്നതിനുമുമ്പ് സര്‍ക്കാരിന് അനുകൂലമായ ഒട്ടേറെ വിധി നല്‍കി. വിരമിച്ചയുടനെ അദ്ദേഹത്തെ ദേശീയ മനുഷ്യാവകാശകമ്മിഷന്റെ ചെയര്‍മാനാക്കി. ന്യായാധിപന്മാരെ നിയമിക്കുന്ന കൊളീജിയത്തിന്റെ ശുപാര്‍ശപോലും നടപ്പാക്കുന്നില്ല. അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും സ്വാതന്ത്ര്യം ഇല്ലാതാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍നടന്ന ചടങ്ങില്‍ രാജ്യസഭാ എം.പി. ജോണ്‍ ബ്രിട്ടാസ് അധ്യക്ഷത വഹിച്ചു. വര്‍ഗീയശക്തികളോട് ഒരിക്കലും വിട്ടുവീഴ്ചചെയ്യാത്ത വ്യക്തിയായിരുന്നു എം.പി. വീരേന്ദ്രകുമാറെന്ന് ബ്രിട്ടാസ് പറഞ്ഞു. അദ്ദേഹം വിവേകാനന്ദനെക്കുറിച്ചെഴുതിയ പുസ്തകവും രാമന്റെ ദുഃഖവും പറയുന്നത് ഇന്ത്യ നിലനില്‍ക്കണമെങ്കില്‍ അതിന്റെ വിശാലമായ വൈവിധ്യവും നിലനില്‍ക്കണമെന്നാണ് -ബ്രിട്ടാസ് പറഞ്ഞു.

കോണ്‍ഗ്രസ് മാധ്യമവിഭാഗം മേധാവി പവന്‍ ഖേര, സാമൂഹികപ്രവര്‍ത്തകന്‍ യോഗേന്ദ്ര യാദവ്, രാജ്യസഭാംഗം മനോജ് ഝാ എന്നിവര്‍ സംസാരിച്ചു. മുന്‍ എം.പി. സ്വപന്‍ ദാസ് ഗുപ്തയും പങ്കെടുത്തു. സ്മാരകസമിതി കണ്‍വീനര്‍ എന്‍. അശോകന്‍ സ്വാഗതവും ചെയര്‍മാന്‍ ബാബു പണിക്കര്‍ നന്ദിയും പറഞ്ഞു.

Content Highlights: MP Veerendra Kumar memorial speech V Muraleedharan New Delhi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022

Most Commented