വിദിഷ (മധ്യപ്രദേശ്): വിദ്യാര്‍ഥികളെ മതപരിവര്‍ത്തനം നടത്തുന്നുവെന്ന് ആരോപിച്ച് മധ്യപ്രദേശില്‍ ബജ് രംഗ്ദള്‍ പ്രവര്‍ത്തകര്‍ സ്‌കൂള്‍ ആക്രമിച്ചു. വിദിശ ജില്ലയിലെ ഗഞ്ച് ബസോഡ നഗരത്തിലുള്ള സെന്റ് ജോസഫ് സ്‌കൂളിനു നേരെയാണ് ആക്രമണമുണ്ടായത്. നൂറുകണക്കിനു പേര്‍ ചേര്‍ന്ന് സ്‌കൂളിന് നേര്‍ക്ക് ആക്രമണം അഴിച്ചുവിടുകയായിരുന്നു.

12-ാം ക്ലാസ് വിദ്യാര്‍ഥികളുടെ കണക്ക് പരീക്ഷ നടക്കുന്നതിനിടെ ആയിരുന്നു ആക്രമണം. ക്രിസ്ത്യന്‍ മിഷണറിമാര്‍ നടത്തുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം. സ്‌കൂളിലെ എട്ട് വിദ്യാര്‍ഥികളെ മാനേജ്‌മെന്റ് മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന്‌ പിന്നാലെയാണ് ആക്രമണമുണ്ടായത്.

സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ മുദ്രാവാക്യം മുഴക്കി നൂറോളം പേര്‍ വരുന്ന സംഘം ആക്രമണം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പോലീസ് ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിലുണ്ടായിരുന്ന വിദ്യാര്‍ഥികളും ജീവനക്കാരും തലനാരിഴയ്ക്കാണ് ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ടത്. സ്‌കൂളിലെ ജനല്‍ചില്ലുകള്‍ അക്രമികള്‍ എറിഞ്ഞു തകര്‍ത്തു. അതിനിടെ സംഘര്‍ഷാവസ്ഥ കാരണം ശരിയായ രീതിയില്‍ പരീക്ഷ എഴുതാന്‍ കഴിഞ്ഞില്ലെന്നും പരീക്ഷ വീണ്ടും നടത്തണമെന്നും ആവശ്യപ്പെട്ട് ചില വിദ്യാര്‍ഥികള്‍ രംഗത്തെത്തിയിട്ടുണ്ട്.

അതിനിടെ, ആക്രമണം നടന്നേക്കുമെന്ന സൂചന ഒരു ദിവസം മുമ്പേ പ്രാദേശിക മാധ്യമങ്ങളില്‍നിന്ന് ലഭിച്ചിരുന്നുവെന്ന് സ്‌കൂള്‍ മാനേജര്‍ ബ്രദര്‍ ആന്റണി പറഞ്ഞു. ഇതേത്തുടര്‍ന്ന് അധികൃതരെയും പോലീസിനെയും വിവരം അറിയിച്ചിരുന്നു. എങ്കിലും പോലീസ് സ്‌കൂളിന് മതിയായ സുരക്ഷ നല്‍കിയില്ലെന്ന് അദ്ദേഹം ആരോപിച്ചു. വിദ്യാര്‍ഥികളെ മതപരിവര്‍ത്തനത്തിന് വിധേയരാക്കിയെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു. മതപരിവര്‍ത്തനത്തിന് വിധേയരായെന്ന് ചൂണ്ടിക്കാട്ടപ്പെടുന്ന പേരുകളിലുള്ള വിദ്യാര്‍ഥികളൊന്നും സ്‌കൂളില്‍ ഇല്ലെന്നും ബ്രദര്‍ ആന്റണി അവകാശപ്പെട്ടു.

അതിനിടെ മതപരിവര്‍ത്തനം സംബന്ധിച്ച ആരോപണത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്ന് ബജ്‌റംഗ് ദള്‍ പ്രാദേശിക നേതാവ് നിലേഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടു. പരിപരിവര്‍ത്തനവുമായി സ്‌കൂളിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ സ്‌കൂള്‍ തകര്‍ക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അക്രമം ഉണ്ടായതിന് പിന്നാലെ സ്‌കൂളിന്റെ പരിസരത്ത് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു. മതപരിവര്‍ത്തനം നടന്നുവെന്ന പരാതിയില്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതരെ ചോദ്യം ചെയ്യുമെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് റോഷന്‍ റായ് മാധ്യമങ്ങളോട് പറഞ്ഞു. സ്‌കൂളിനെതിരായ ആരോപണം അന്വേഷിക്കണമെന്ന് ദേശീയ ബലാവകാശ കമ്മീഷന്‍ വിദിശ ജില്ലാ കളക്ടറോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Content Highlights: Bajrang Dal activists attack school in Madhya Pradesh claiming religious conversion of students