ന്യൂഡല്‍ഹി: ചൈനീസ് വീഡിയോ ഷെയറിങ് ആപ്പായ ടിക് ടോക്‌ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപി നുസ്രത്ത് ജഹാന്‍. ഒരു വിനോദ ആപ്പായ ടിക്‌ ടോക്കിനെ നിരോധിച്ചത് കേന്ദ്രം മതിയായ ആലോചനയില്ലാതെ എടുത്ത തീരുമാനമാണെന്ന് നുസ്രത്ത് ജഹാന്‍ വിമര്‍ശിച്ചു.

കേന്ദ്ര നടപടിയിലൂടെ ജോലി നഷ്ടപ്പെട്ടവര്‍ എന്ത് ചെയ്യുമെന്നും നുസ്രത്ത് ജഹാന്‍ ചോദ്യമുയര്‍ത്തി. നോട്ട് നിരോധന കാലത്തിന് സമാനമായി ജനങ്ങള്‍ ബുദ്ധിമുട്ടും. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടിയായതിനാല്‍ നിരോധനത്തില്‍ എനിക്ക് യാതൊരു പ്രശ്‌നവുമില്ല. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ആര് ഉത്തരം പറയുമെന്നും നുസ്രത്ത് ജഹാന്‍ ചോദിച്ചു.

കൊല്‍ക്കത്തയില്‍ നടന്ന ഉള്‍ട്ട രഥയാത്ര ആഘോഷത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് നുസ്രത്ത് ജഹാന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. രാജ്യസുരക്ഷയും പൗരന്‍മാരുടെ സ്വകാര്യതയുടെ സംരക്ഷണവും ലക്ഷ്യമിട്ട് തിങ്കളാഴ്ചയാണ് ടിക് ടോക്‌ ഉള്‍പ്പെടെ 59 ചൈനീസ് മൊബൈല്‍ ആപ്പുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിരുന്നത്‌. 

content highlights: MP Nusrat Jahan says TikTok ban impulsive, people will suffer