കൊല്‍ക്കത്ത: സിന്ദൂരം അണിഞ്ഞതിനും മംഗല്യസൂത്രം ധരിച്ചതിനും വിമര്‍ശിച്ചവര്‍ക്ക് തൃണമൂല്‍ എം.പി. നുസ്രത്ത് ജഹാന്റെ മറുപടി. താന്‍ ഇസ്ലാംമത വിശ്വാസിയാണെന്നും എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നയാളാണെന്നും നുസ്രത്ത് ജഹാന്‍ പറഞ്ഞു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച രഥയാത്രയില്‍ പങ്കെടുത്തതിനുശേഷമായിരുന്നു അവരുടെ പ്രതികരണം. 

ഞാനിപ്പോഴും മുസ്ലീംമാണ്. ഞാന്‍ എന്ത് ധരിക്കുന്നു എന്നത് സംബന്ധിച്ച് ആരും അഭിപ്രായം പറയേണ്ടതില്ല. ധരിക്കുന്ന വേഷങ്ങള്‍ക്കും അപ്പുറത്താണ് മതവിശ്വാസം- നുസ്രത്ത് ജഹാന്‍ വ്യക്തമാക്കി. 

വ്യവസായിയായ നിഖില്‍ ജെയിനുമായുള്ള വിവാഹത്തിന് പിന്നാലെ നുസ്രത്ത് ജഹാന്‍ സിന്ദൂരമണിഞ്ഞതിനെയും മംഗല്യസൂത്രം ധരിച്ചതിനെയും ചിലര്‍ വിമര്‍ശിച്ചിരുന്നു. കൊല്‍ക്കത്തയിലെ രഥയാത്രയില്‍ അവര്‍ പങ്കെടുക്കുന്നതിനെതിരെയും വിമര്‍ശനമുയര്‍ന്നു. എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ നുസ്രത്ത് ജഹാന്‍ രഥയാത്രയില്‍ പങ്കെടുക്കുകയായിരുന്നു. 

തങ്ങളുടെ ക്ഷണം സ്വീകരിച്ചെത്തിയ നുസ്രത്ത് ജഹാന്‍ പുതിയ ഇന്ത്യയുടെ പ്രതിനിധിയാണെന്നായിരുന്നു രഥയാത്ര സംഘാടകരുടെ പ്രതികരണം. മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നതും അവരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും ഇന്ത്യയെ വീണ്ടും ഉയരങ്ങളിലെത്തിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കൊല്‍ക്കത്തയിലെ രഥയാത്രയില്‍ പങ്കെടുത്തിരുന്നു. 

Content Highlights: mp nusrat jahan's reply to criticizers for wearing sindhoor and mangalyasutra