എംപി മോഹൻ ഡെൽക്കർ | Photo: twitter.com|MohanDelkar
ന്യൂഡല്‍ഹി: ആത്മഹത്യ ചെയ്ത മോഹന്‍ ഡെല്‍ക്കര്‍ എംപി മരിക്കുന്നതിന് മുമ്പ് സഹായം തേടി നിരവധി തവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കും കത്തയച്ചിരുന്നുവെന്നും എന്നാല്‍ അവര്‍ അവഗണിക്കുകയായിരുന്നുവെന്നും അവകാശപ്പെട്ട് കോണ്‍ഗ്രസ്. ബിജെപി നേതാക്കളുടെയും കേന്ദ്ര ഉദ്യോഗസ്ഥരുടെയും പീഡനത്തെ തുടര്‍ന്നാണ് ദാദ്ര-നാഗര്‍ ഹവേലി എംപി ആത്മഹത്യ ചെയ്തതെന്നും ശനിയാഴ്ച നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന് സാവന്ത് ആരോപിച്ചു.
'ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് അദ്ദേഹം പലതവണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്ത്രമന്ത്രി അമിത് ഷായ്ക്കും അവരുടെ സഹായം തേടി നിരവധി തവണ കത്തയച്ചിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഡെല്‍ക്കറിനെ സഹായിച്ചില്ല. അദ്ദേഹത്തിന്റെ കത്തുകള്‍ അവഗണിക്കാനുളള കേന്ദ്രത്തിന്റെ തീരുമാനം മനഃപൂര്‍വ്വമാണോ എന്നുളളതാണ് ചോദ്യം.'സാവന്ത് ചോദിച്ചു.
കേന്ദ്ര ഭരണപ്രദേശമായ ദാദ്ര-നാഗര്‍ ഹവേലി അഡ്മിനിസ്ട്രേറ്ററായ പ്രഫുല്‍ ഖേദ പട്ടേലും നിരവധി കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥര്‍ ഡെല്ക്കറെ അധിക്ഷേപിച്ചതായും സാവന്ത് ആരോപിച്ചു. ഉദ്യോഗസ്ഥര്‍ തനിക്ക് യാതൊരു ബന്ധവുമില്ലാത്ത കുറ്റകൃത്യങ്ങളില്‍ അകപ്പെടുത്താന്‍ ശ്രമിക്കുന്നതായി ഡെല്‍ക്കര്‍ പരാതിപ്പെട്ടിരുന്നു. നിരവധി തവണ ഡെല്‍ക്കറിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കുടുംബത്തെ ജയിലില്‍ ഇടുമെന്ന് പറഞ്ഞ് ഭയപ്പെടുത്തി. സച്ചിന് സാവന്ത് പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 18നും 2021 ജനുവരി 31നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഡെല്‍ക്കര്‍ രണ്ടുകത്തുകള്‍ എഴുതിയിരുന്നതായും സാവന്ത് പറയുന്നു. പ്രധാനമന്ത്രിയുമായി അടിയന്തരമായി കൂടിക്കാഴ്ച നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2020 ഡിസംബര്‍ 18-നും 2021 ജനുവരി 12നും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും അദ്ദേഹം കത്തയച്ചിരുന്നു. ഇതിനുപുറമേ മൂന്നുകത്തുകള്‍ ഓം ബിര്‍ളയ്ക്കും ഒരു കത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഭൂപേന്ദ്ര യാദവിനും ഡെല്‍ക്കര്‍ എഴുതിയിരുന്നു.
മോദി സര്‍ക്കാര്‍ അടിയന്തര നടപടികള്‍ കൈക്കൊളളുകയായിരുന്നുവെങ്കില് ഡെല്ക്കറിന്റെ ജീവന് രക്ഷിക്കാമായിരുന്നുവെന്ന് സച്ചിന് പറഞ്ഞു. ബിജെപി നേതൃത്വത്തില്‍ അദ്ദേഹം പരിപൂര്‍ണ നിരാശനായിരുന്നുവെന്നും യാതൊരു പ്രതീക്ഷയുമില്ലാത്തതുകൊണ്ടാണ് മോഹന്‍ ഡെല്‍ക്കര്‍ മുംബൈയിലേക്ക് വന്നതും ആത്മഹത്യ ചെയ്തതും-സച്ചിന് കൂട്ടിച്ചേര്‍ത്തു.
58കാരനായ ഡെല്ക്കരിനെ മറൈന്‍ ഡ്രൈവിലെ ഒരു ഹോട്ടലിലാണ് ഫെബ്രുവരി 22ന് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഡെല്ക്കറിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി പ്രഫുല്‍ ഖേദ പട്ടേലിനെതിരേ മുംബൈ പോലീസ് കേസെടുത്തിരുന്നു
Content Highlights: MP Mohan Delkar sought help from PM Modi before committing suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..