Kapil Sibal | Photo: ANI
ന്യൂഡല്‍ഹി: ഇന്‍സാഫ് എന്ന പേരില്‍ പുതിയ ദേശീയ പൗര കൂട്ടായ്മയുണ്ടാക്കാന്‍ രാജ്യസഭാ എം.പി. കപില്‍ സിബല്‍. ഇന്ത്യയെ സംബന്ധിച്ച് ബദല്‍ കാഴ്ചപ്പാട് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ഇന്‍സാഫ് പ്രവര്‍ത്തിക്കുക. അതേസമയം ഇതൊരു രാഷ്ട്രീയപ്പാര്‍ട്ടിയല്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പൗരന്മാര്‍, ബി.ജെ.പി.യിതര സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മറ്റു രാജ്യത്തെ പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരോടെല്ലാം ഇന്‍സാഫിനെ പിന്തുണക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടു.
കൂട്ടായ്മയുടെ ലക്ഷ്യവും കാഴ്ചപ്പാടും വ്യക്തമാക്കുന്നതിനായി ജന്ദര്‍ മന്ദറില്‍ മാര്‍ച്ച് 11-ന് പൊതുയോഗം സംഘടിപ്പിക്കുമെന്നും കപില്‍ സിബല്‍ വസതിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രാജ്യത്തുടനീളം അരങ്ങേറുന്ന അനീതികള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ അഭിഭാഷകരായ ആളുകള്‍ കൂട്ടായ്മയുടെ മുന്നില്‍ത്തന്നെ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ എന്താണ് ചെയ്യേണ്ടതെന്ന് കഴിഞ്ഞ ഒരു വര്‍ഷമായി ആലോചിക്കുകയായിരുന്നു. ചരിത്രത്തിലേക്ക് നോക്കിയാല്‍ എല്ലായ്‌പോഴും സാമൂഹിക പരിഷ്‌കരണ പ്രസ്ഥാനങ്ങള്‍ ഉണ്ടായിട്ടുണ്ട്. അവയുടെയെല്ലാം മുന്നില്‍നിന്ന് പ്രവര്‍ത്തിച്ചത് അഭിഭാഷകരാണ്. ഇന്ന് അഭിഭാഷകരെല്ലാം നിശ്ശബ്ദരായിരിക്കുന്നത് കാണുമ്പോള്‍ നിരാശയുണ്ടെന്നും കപില്‍ സിബല്‍.
ഇന്‍സാഫ് ഒരു ദേശീയ തലത്തിലുള്ള കൂട്ടായ്മാ വേദിയായിരിക്കും. അനീതിക്കെതിരെ എല്ലാവരും ഒന്നിച്ചുനിന്ന് പോരാടുന്ന പ്രസ്ഥാനം. തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനായി രാജ്യത്തുടനീളം ശാഖ എന്ന പേരില്‍ ആര്‍.എസ്.എസ്. പ്രവര്‍ത്തിക്കുന്നുണ്ട്. ഈ പ്രത്യയശാസ്ത്രം സൃഷ്ടിക്കുന്ന അനീതികള്‍ക്കെതിരെ പോരാടാന്‍ നഗര - ഗ്രാമ വ്യത്യാസമില്ലാതെ എല്ലായിടത്തും ഇന്‍സാഫിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും കപില്‍ സിബല്‍ പറഞ്ഞു.
കൂട്ടായ്മയെ സംബന്ധിച്ച വിവരങ്ങള്‍ക്കായി ഒരു വെബ്‌സൈറ്റും ദേശീയ തലത്തില്‍ ടെലിഫോണ്‍ ഹെല്‍പ് ലൈനും ആരംഭിച്ചിട്ടുണ്ട്. പ്രസ്ഥാനത്തിന്റെ ഭാഗമാവാന്‍ താത്പര്യപ്പെടുന്നവര്‍ക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താമെന്നും കപില്‍ സിബല്‍ പറഞ്ഞു.
Content Highlights: mp kapil sibal launches new platform Insaaf
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..