ഭോപ്പാല്‍: ഭോപ്പാലിലെ ആര്‍എസ്എസ് ഓഫീസിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്‍വലിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരെ മറ്റുസ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ വേണ്ടിയാണിതെന്ന് കമല്‍നാഥ് നേതൃത്വം നല്കുന്ന സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍, വിവിധ കോണുകളില്‍നിന്ന് വിമര്‍ശം ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ചുവെന്ന് പിടിഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.
ഭോപ്പാലില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും മുതിര്‍ന്ന നേതാവുമായ ദിഗ്വിജയ് സിങ് അടക്കമുള്ളവര്‍ തീരുമാനത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ഭോപ്പാലിലെ ആര്.എസ്.എസ് ഓഫീസിന്റെ സുരക്ഷ പിന്‍വലിക്കുന്നത് ശരിയായ നടപടിയല്ലെന്നും മതിയായ സുരക്ഷ ഉടന്‍ ഉറപ്പാക്കണമെന്നും ദിഗ്വിജയ് സിങ് ട്വിറ്ററിലൂടെ കമല്‍നാഥിനോട് അഭ്യര്‍ഥിച്ചു. ഇതിനു പിന്നാലെ സുരക്ഷാ സംവിധാനങ്ങള്‍ പുനഃസ്ഥാപിക്കാന്‍ മുഖ്യമന്ത്രി കമല്‍നാഥ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
സുരക്ഷ പിന്‍വലിച്ച നടപടിക്ക് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആര്.എസ്.എസ്സും ബിജെ.പിയും ആരോപിച്ചിരുന്നു. ഉമാ ഭാരതി മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് 2003 ലാണ് ആര്‍എസ്എസ് ഓഫീസിന് സുരക്ഷ ഏര്‍പ്പെടുത്തിയത്. ആര്‍എസ്എസ് മുന്‍ മേധാവി കെ.എസ് സുദര്ശന് അവിടെ തങ്ങിയിരുന്ന സമയത്ത് നാല് സുരക്ഷാ ഗാര്‍ഡുകളെയും ഒരു ഓഫീസറെയും അവിടെ നിയോഗിച്ചിരുന്നു. പിന്നീട് അധികാരത്തില്‍വന്ന ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും സുരക്ഷ നല്‍കുന്നത് തുടര്‍ന്നു.
വര്‍ഷങ്ങള്‍ക്കുശേഷം തിങ്കളാഴ്ച രാത്രിയാണ് പോലീസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദ്ദേശ പ്രകാരം സുരക്ഷ പിന്‍വലിച്ചത്. നടപടി ദൗര്‍ഭാഗ്യകരമാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് പ്രതികരിച്ചിരുന്നു.
Content Highlights: RSS office, Bhopal, Security, Kamal Nath