ഭോപ്പാല്‍ : മധ്യപ്രദേശില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്ന് കര്‍ഷകന് ലഭിച്ചത് ഗാന്ധിജിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍. ഷിയോപുര്‍ ജില്ലയിലെ കര്‍ഷകര്‍ക്കാണ് ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത്.
'ഞാന്‍ ബാങ്കില്‍ നിന്ന് 6000 രൂപ പിന്‍വലിച്ചു. ക്യാഷ്യര്‍ എനിക്ക് 2000 രൂപയുടെ മൂന്ന് നോട്ടുകള്‍ തന്നു. വീട്ടിലെത്തിയപ്പോള്‍ എന്റെ മകനാണ് നോട്ടില്‍ ഗാന്ധിജിയുടെ ചിത്രമില്ലെന്ന് പറഞ്ഞത്. നോട്ട് വ്യാജമാണെന്നും അവര്‍ പറഞ്ഞു.' നോട്ട് ലഭിച്ച് ലക്‌സ്മണ്‍ മീണ എന്ന കര്‍ഷകന്‍ പറഞ്ഞു. കടുഖേഡ ഗ്രാമത്തിലെ മറ്റൊരു കര്‍ഷകനും ഗാന്ധി ചിത്രമില്ലാത്ത നാല് നോട്ടുകള്‍ ലഭിച്ചു.
ബാങ്കില്‍ നിന്ന് ഗാന്ധിയുടെ ചിത്രമില്ലാത്ത നോട്ടുകള്‍ ലഭിച്ചത് ഗ്രാമീണരില്‍ ആദ്യം പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ ഇവ കള്ളനോട്ടുകളല്ലെന്നും അച്ചടി പിശകാണെന്നും ബാങ്ക് അധികൃതര്‍ അറിയിച്ചു. അച്ചടിപ്പിശക് ഉണ്ടായ നോട്ടുകള്‍ തിരിച്ചെടുക്കുമെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.