ഭോപ്പാല്‍: ആന്റിവൈറല്‍ മരുന്നായ റെംഡെസിവറുമായെത്തിയ വിമാനം ഇടിച്ചിറക്കിയ സംഭവത്തില്‍ വ്യോമയാന വിദഗ്ധര്‍ അന്വേഷണം നടത്തുമെന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു. സാങ്കേതിക തകരാറുകളെ തുടര്‍ന്നാണ് ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ വിമാനം അടിയന്തരമായി ഇറക്കിയത്. 

വ്യാഴാഴ്ച രാത്രി 8.30യോടെയാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. സംഭവത്തില്‍ പൈലറ്റിനും സഹപൈലറ്റിനും നിസ്സാരപരിക്കേറ്റിരുന്നു. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. പിന്നീട് ഇവരെ ഗ്വാളിയോറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

'വിമാനം നിലത്തിറക്കുന്നതിനിടയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു. വ്യോമയാന വിദഗ്ധര്‍ ഇക്കാര്യം അന്വേഷിക്കും.' ഗ്വാളിയോര്‍ കളക്ടര്‍ കൗശലേന്ദ്ര വിക്രം സിങ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

ഇന്‍ഡോറില്‍ നിന്നാണ് വിമാനം ഗ്വാളിയോറില്‍ എത്തിയതെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പറഞ്ഞു. റെംഡെസിവര്‍ മരുന്ന് പെട്ടികള്‍ പ്രാദേശിക ഭരണകൂടത്തിന് കൈമാറിയിട്ടുണ്ട്. 74 പെട്ടികളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.   

 

Content Highlights:MP: Crash-landing of Remdesivir-carrying plane to be probed