കൊല്‍ക്കത്ത: രാജ്യത്ത്‌ ഹിന്ദി ഉപയോഗിക്കുന്നത് വ്യാപകമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയെ തള്ളി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിനുമടക്കമുള്ള രാഷ്ട്രീയ നേതാക്കള്‍

ഹിന്ദി ദിനാചരണത്തിന് ആശംസകള്‍ അര്‍പ്പിച്ച്‌ക്കൊണ്ടുള്ള ട്വീറ്റിലൂടെയാണ് മമത അമിഷായുടെ വാദം തള്ളിയത്. എല്ലാ ഭാഷകളേയും സംസ്‌കാരങ്ങളേയും നാം തുല്യമായി ബഹുമാനിക്കണം. നമ്മള്‍ ഒരുപാട് ഭാഷകള്‍ പഠിച്ചേക്കാം. എന്നിരുന്നാലും മാതൃഭാഷ മറക്കരുതെന്നും മമത ട്വീറ്റ് ചെയ്തു. ഒരു രാജ്യം ഒരു ഭാഷ എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് നേരത്തെ അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. വ്യാപകമായി സംസാരിക്കുന്ന ഹിന്ദിക്ക് മാത്രമേ രാജ്യത്തെ ഒന്നിച്ച് നിര്‍ത്താന്‍ ആകുവെന്നും ഷാ പറഞ്ഞിരുന്നു. 

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ നിരന്തരം എതിര്‍ത്ത്‌ക്കൊണ്ടിരിക്കുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. അമിത് ഷായുടെ ഇന്നത്തെ പ്രസ്താവന ഞെട്ടലുണ്ടാക്കുന്നതാണ്. രാജ്യത്തിന്റെ ഐക്യത്തെ ബാധിക്കും. അദ്ദേഹം തന്റെ പ്രസ്താവന പിന്‍വലിക്കണം. പാര്‍ട്ടി എക്‌സിക്യുട്ടീവ് കമ്മിറ്റി ചേര്‍ന്ന് വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.

ഐ.എം.ഐ.എം. അധ്യക്ഷന്‍ അസദുദ്ദീന്‍ ഒവൈസിയും അമിത് ഷായുടെ പ്രസ്താവനക്കെതിര രംഗത്തെത്തി. ഹിന്ദി എല്ലാവരുടേയും മാതൃഭാഷയല്ല. ഈ ദേശത്തുള്ള അനേകം മാതൃഭാഷകളുടെ വൈവിധ്യവും സൗന്ദര്യവും വിലമതിക്കാന്‍ നിങ്ങള്‍ക്ക് ശ്രമിക്കാമോയെന്നും ഒവൈസി പറഞ്ഞു. ഹിന്ദിയേക്കാളും ഹിന്ദുവിനേക്കാളും ഹിന്ദുത്വത്തിനേക്കാളും വലുതാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചു.

Content Highlights: Mother-tongue Above Everyone-mamata-Amit shah  takes his statement back-stalin