-
ലഖ്നൗ: മകനെ കൊന്നുകളഞ്ഞേക്കൂവെന്ന് കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ മാതാവ് സരളാദേവി. കാന്‍പുരില്‍ ഡിഎസ്പി ഉൾപ്പെടെ എട്ട് പോലീസുകാരുടെ മരണത്തിന് കാരണക്കാരനായ വികാസ് ദുബെയെ അറസ്റ്റ് ചെയ്യാൻ സാധിച്ചാലും കൊന്നുകളയണമെന്നാണ് സരളാദേവി പോലീസിനോടാവശ്യപ്പെട്ടിരിക്കുന്നത്. ദുബെയ്ക്ക് കഠിനമായ ശിക്ഷ തന്നെ ലഭിക്കണമെന്നും അവർ പറഞ്ഞു.
"അവൻ പോലീസിന് കീഴടങ്ങുകയാണ് വേണ്ടത്, അതിന് തയ്യാറാവുന്നില്ലെങ്കിൽ ഏറ്റുമുട്ടലിലൂടെ പോലീസ് അവനെ കൊല്ലണം, പോലീസിന് അവനെ പിടികൂടാൻ സാധിച്ചാലും കൊന്നു കളയണം, കഠിനമായ ശിക്ഷ തന്നെ അവന് നൽകണം", സരളാദേവി പറഞ്ഞു. നിരപരാധികളായ പോലീസുകാരെ കൊന്നതിലൂടെ അത്രയും വലിയ ക്രൂരതയാണ് ദുബെ ചെയ്തതെന്നും ഒളിവിൽ നിന്ന് പുറത്തു വരുന്നതാണ് ദുബെയ്ക്ക് നല്ലതെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയപ്രവർത്തകരുമായുള്ള സഹവാസത്തെ തുടർന്നാണ് ദുബെ കുറ്റകൃത്യങ്ങൾ ചെയ്യാനാരംഭിച്ചതെന്നും അവർ പറഞ്ഞു. എംഎൽഎയാവാനാണ് മുൻമന്ത്രി സന്തോഷ് ശുക്ലയെ ദുബെ വെടിവെച്ചു കൊലപ്പെടുത്തിയതെന്നും സരളാദേവി പറഞ്ഞു. ദുബെയെ കണ്ടിട്ട് നാല് മാസത്തോളമായെന്നും മകന് കാരണം കുടുംബത്തിനും ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇളയമകന്റെ കൂടെ ലഖ്നൗവിലാണ് സരളാദേവി താമസിക്കുന്നത്.
പിടികിട്ടാപ്പുള്ളിയായ ദുബെയെ പിടികൂടാനെത്തിയ പോലീസുകാർക്ക് നേരെ ദുബെയുടെ അനുയായികൾ വെള്ളിയാഴ്ച നടത്തിയ വെടിവെയ്പിലാണ് എട്ട് പോലീസുകാർ കൊല്ലപ്പെട്ടത്. ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് 50,000 രൂപ പ്രതിഫലം നൽകുമെന്ന് കാന്‍പുരില്‍ ഐജി മോഹിത് അഗർവാൾ പ്രഖ്യാപിച്ചു. മരിച്ച പോലീസുകാരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..