സേലം: മിന്നല്‍ പ്രളയത്തില്‍ നിന്ന് അമ്മയേയും കുഞ്ഞിനെയും സാഹസികമായി രക്ഷപ്പെടുത്തി. സേലം ജില്ലയിലെ ആനൈവാരിയിലാണ് സംഭവം. ആനൈവാരി വെള്ളച്ചാട്ടത്തിലേക്ക് അപ്രതീക്ഷിതമായി മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. ഇവരെ രക്ഷാപ്രവര്‍ത്തകര്‍ സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയായിരുന്നു. അതേസമയം, രക്ഷാപ്രവര്‍ത്തനത്തിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീണ രക്ഷാപ്രവര്‍ത്തകര്‍ നീന്തി രക്ഷപ്പെട്ടു.

ആനൈവാരി മുട്ടല്‍ വെള്ളച്ചാട്ടം സേലം ജില്ലയിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ്. എന്നാല്‍ കനത്ത മഴ പെയ്താല്‍ ഈ പ്രദേശത്ത് പെട്ടെന്നുള്ള വെള്ളപ്പാച്ചിലുണ്ടാകും. ഇതാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. വെള്ളച്ചാട്ടത്തില്‍ നിന്ന് അമ്മയെയും കുഞ്ഞിനെയും രക്ഷിക്കാനുള്ള സാഹസിക നടപടിയെ മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഉള്‍പ്പെടെ നിരവധി പേർ സോഷ്യല്‍ മീഡിയയില്‍ പ്രശംസിച്ചു. 

'അമ്മയെയും മകളെയും രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരുടെ ധീരമായ പ്രവൃത്തി അഭിനന്ദനീയമാണെ',ന്ന് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചുകൊണ്ട് സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു. 

കുഞ്ഞിനെ മുറുകെപ്പിടിച്ചുകൊണ്ട് ഒരു സ്ത്രീ അപകടകരമായ രീതിയില്‍ ഒരു പാറയുടെ മുകളില്‍ ബാലന്‍സ് ചെയ്ത് നില്‍കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ആദ്യം കാണാനാകുന്നത്. അവര്‍ക്ക് മുന്നിലൂടെ വെള്ളം കലിതുള്ളി ഒഴുകുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യുവതിയെയും കുഞ്ഞിനെയും കയര്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുന്നത് വീഡിയോയില്‍ കാണാം. കുട്ടിയെ ശ്രദ്ധാപൂര്‍വം ഉയര്‍ത്തുന്നതും തുടര്‍ന്ന് കയറിന്റെ സഹായത്തോടെ അമ്മയെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കുന്നതും വീഡിയോയില്‍ വ്യക്തമാണ്.

സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി അമ്മയെയും മകളെയും രക്ഷപ്പെടുത്താന്‍ മുന്നോട്ട് വന്നവരെ സമൂഹമാധ്യമങ്ങളില്‍ പ്രശംസ കൊണ്ട് പൊതിയുകയാണ്.

Content Highlights: Mother and child rescued from flash flooded waterfall