പ്രതീകാത്മക ചിത്രം |ഫോട്ടോ:AP
മോസ്കോ: ഒരിടവേളക്ക് ശേഷം രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോവിഡ് വാക്സിന് ബൂസ്റ്റര്‍ ഡോസ് കുത്തിവെപ്പാരംഭിച്ച് റഷ്യ. വാക്സിനെടുത്ത് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്ന് റഷ്യന്‍ ആരോഗ്യ അധികൃതര്‍ അറിയിച്ചു.
താന്‍ ഒരു ബൂസ്റ്റര്‍ ഡോസ് വാക്സിന് എടുത്തതായും നഗരവാസികളോട് ഇത് പാലിക്കണമെന്നും മോസ്കോ മേയര്‍ സര്‍ജി സൊബിയാനിന്‍ പറഞ്ഞു.
'നിലവിലെ വിഷമകരമായ പകര്‍ച്ചവ്യാധി സാഹചര്യം കണക്കിലെടുത്ത് വാക്സിനേഷന് കഴിഞ്ഞ് ആറ് മാസം പൂര്‍ത്തിയാക്കിയവര്‍ക്ക് ഒരു ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നു. വൈറസില്‍ നിന്ന് അധിക പരിരക്ഷ നേടാനുള്ള അവസരം നഷ്ടപ്പെടുത്തരുത്. കൂടുതല്‍ അപകടകാരിയായ ഡെല്‍റ്റ വകഭേദ വ്യാപനത്തിനിടയില്‍ ഇത് പ്രധാനമാണ്' സര്‍ജി സൊബിയാനിന്‍ തന്റെ ബ്ലോഗിലൂടെ വ്യക്തമാക്കി.
റഷ്യ ആഭ്യന്തരമായി ഉത്പാദിപ്പിച്ച രണ്ട് ഡോസ് സ്പുട്നിക് v വാക്സിനും ഒറ്റ ഷോട്ട് സ്പുട്നിക് ലൈറ്റും ഉപയോഗിച്ചാണ് ബൂസ്റ്റര്‍ ഷോട്ടുകള്‍ക്ക് തുടക്കം കുറിച്ചത്.
മോസ്കോയിലും മറ്റ് ചില പ്രദേശങ്ങളിലും അടുത്തിടെ ഉണ്ടായ പുതിയ വൈറസ് ബാധകളില്‍ ഭൂരിഭാഗവും ഡെല്റ്റവകഭേദങ്ങളാണെന്ന് അധികൃതര്‍ അറിയിച്ചു. ഒരു ഡെല്‍റ്റ പ്ലസ് വകേഭദവും റഷ്യയില്‍ കണ്ടെത്തിയിട്ടുണ്ട്.
റഷ്യയില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ പ്രതിദിനം 20000 ത്തിന് മുകളില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് ജൂണ്‍ മാസത്തിന്റെ തുടക്കത്തിലുള്ള ശരാശരിയുടെ ഇരട്ടിയോളമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,543 പുതിയ കേസുകളും 672 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇത് റഷ്യയിലെ പ്രതിദിന കോവിഡ് നിരക്കിലെ റെക്കോര്‍ഡാണ്.
വാക്സിന് എടുക്കുന്നതിലുള്ള മടിയും കോവിഡ് നിയന്ത്രണങ്ങളിലെ അലംഭാവവുമാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. 15 കോടിയോളം വരുന്ന റഷ്യന്‍ ജനസംഖ്യയുടെ 15 ശതമാനം പേര് മാത്രമാണ് ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിട്ടുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..