ഷിംല: ഹിമാചല്‍പ്രദേശില്‍ നവംബര്‍ ഒമ്പതിന് നടന്ന തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ എത്തിയവരില്‍ അധികവും വനിതകള്‍. 18,11,061 പുരുഷന്മാര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ 19,10,582 സ്ത്രീകളാണ് സംസ്ഥാനത്ത് വോട്ട് രേഖപ്പെടുത്തിയതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ 68 നിയമസഭാ മണ്ഡലങ്ങളില്‍ 48 ഇടങ്ങളിലും കൂടുതല്‍ സ്ത്രീ വോട്ടുകളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍, വോട്ടര്‍ പട്ടിക പ്രകാരം 15 മണ്ഡലങ്ങളില്‍ മാത്രമാണ് പുരുഷന്‍മാരെകാള്‍ അധികം സ്ത്രീ വോട്ടര്‍മാരുള്ളത്. 

ഹിമാചലിലെ ഏറ്റവും വലിയ ജില്ലയായ കണ്‍ഗ്രായില്‍ 4,61,278 സ്ത്രീകള്‍ വോട്ട് ചെയ്തപ്പോള്‍ 3,96,208 പുരുഷന്മാര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. മാണ്ഡി ജില്ലയിലും പുരുഷന്മാരെക്കാള്‍ 25,000ഓളം അധികം സ്ത്രീകള്‍ വോട്ടുചെയ്തെന്നാണ് റിപ്പോര്‍ട്ട്. ഹാമിര്‍പുര്‍, ഉന, ബില്‍സാപുര്‍ ജില്ലകളിലെ 14 മണ്ഡലങ്ങളില്‍ സ്ത്രീ വോട്ടുകള്‍ ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന പോളിങാണ് ഇത്തവണ ഹിമാചല്‍ പ്രദേശില്‍ രേഖപ്പെടുത്തിയത്. 74.61 ശതമാനം ആളുകളാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. 2012-ല്‍ ഇത് 73.51 ശതമാനമായിരുന്നു.  2003 തിരഞ്ഞെടുപ്പില്‍ 74.51 ശതമാനം ആളുകളും വോട്ട് രേഖപ്പെടുത്തിയിരുന്നു. എല്ലാ മണ്ഡലങ്ങളിലും 60 ശതമാനത്തിലധികം പോളിങാണ് ഇത്തവണ രേഖപ്പെടുത്തിയത്. എന്നാല്‍, സംസ്ഥാനത്തെ പ്രധാന മണ്ഡലങ്ങളില്‍ പോളിങ് ശതമാനം ഉയര്‍ന്നിട്ടുണ്ട്. ഡിസംബര്‍ 18നാണ് ഫലപ്രഖ്യാപനം.