ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് പദ്മ പുരസ്‌കാരത്തോടുള്ള ബഹുമാനവും വിശ്വാസവും വര്‍ധിച്ചതായി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാത് എന്ന റേഡിയോ പരിപാടിയില്‍ സംസാരിക്കുന്നതിനിടയിലാണ് പദ്മ പുരസ്‌കാരങ്ങളെ കുറിച്ചുള്ള പൊതുധാരണയില്‍ മാറ്റം വന്നതായി മോദി അഭിപ്രായപ്പെട്ടത്. പുരസ്‌കാര ജേതാക്കളെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല. 

'എല്ലാവര്‍ഷത്തെയും പോലെ കഴിഞ്ഞദിവസം വൈകീട്ട് പദ്മ പുരസ്‌കാരങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുരസ്‌കാരത്തിന് അര്‍ഹരമായവരെ കുറിച്ച് വായിച്ചുമനസ്സിലാക്കാന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്. അവരുടെ സംഭാവനകളെ കുറിച്ച് നിങ്ങളുടെ കുടുംബവുമായി ചര്‍ച്ച ചെയ്യൂ. 46,000 അപേക്ഷകളാണ് 2020 ലെ പദ്മ പുരസ്‌കാരത്തിനായി ലഭിച്ചത്. 2014 നെ അപേക്ഷിച്ച് നോക്കുമ്പോള്‍ 20 ഇരട്ടി വര്‍ധനവാണ് അപേക്ഷകരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത്. 

അപേക്ഷകരുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പദ്മ പുരസ്‌കാരങ്ങളില്‍ ജനങ്ങള്‍ക്കുണ്ടായിട്ടുള്ള വിശ്വാസമാണ് കാണിക്കുന്നത്. ഇന്ന് പദ്മ പുരസ്‌കാരങ്ങളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഓണ്‍ലൈന്‍ മുഖാന്തിരമാണ്. ആദ്യകാലത്ത് തിരഞ്ഞെടുക്കപ്പെട്ട കുറച്ചുപേര്‍ ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നടത്തിയിരുന്നതെങ്കില്‍ ഇന്ന് ജനങ്ങളാണ് നിര്‍ദേശിക്കുന്നത്. ഒരു പുതിയ വിശ്വാസവും ബഹുമാനവും രാജ്യത്തെ പദ്മ പുരസ്‌കാരത്തോട് ഉണ്ടായിരിക്കുന്നു. പരിമിതമായ സാഹചര്യങ്ങളിലും കഠിനാധ്വാനത്തിലൂടെ ഇന്നത്തെ നിലയിലെത്തിയവരാണ് ഓരോ പുരസ്‌കാര ജേതാവും.' പ്രധാനമന്ത്രി പറഞ്ഞു. 

കഴിഞ്ഞ തവണ പദ്മ പുരസ്‌കാരത്തിന് അര്‍ഹയായ വൃക്ഷമാത എന്നറിയപ്പെടുന്ന സാലുമരദ തിമ്മക്കയെയും മോദി ഓര്‍ത്തു. പദ്മ പുരസ്‌കാരം നേടിയവരെ അഭിനന്ദിച്ചതിനൊപ്പം ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ആതിഥേയത്വം വഹിച്ച അസ്സമിനെയും അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആറായിരം പേര്‍ പങ്കെടുത്ത ഗെയിംസില്‍ എണ്‍പതോളം റെക്കോഡുകള്‍ തകര്‍ക്കപ്പെട്ടു. ഇതില്‍ 56 എണ്ണവും തകര്‍ത്തത് പെണ്‍കുട്ടികളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഗഗന്‍യാന്‍ മിഷന്‍ പുതിയ ഇന്ത്യയുടെ നാഴികക്കല്ലായിരിക്കുമെന്ന് അഭിപ്രായപ്പെട്ട മോദി ശാസ്ത്ര സാങ്കേതിക മേഖലയിലെ ചരിത്രപരമായ മുന്നേറ്റമായിരിക്കുമെന്നും അതെന്നും കൂട്ടിച്ചേര്‍ത്തു. പരീക്ഷക്കായി തയ്യാറെടുക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികളെയും അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം കുട്ടികള്‍ പങ്കെടുത്ത പരീക്ഷാ പേ ചര്‍ച്ചയില്‍ വിദ്യാര്‍ഥികളുമായി സംവദിച്ചത് പ്രധാനമന്ത്രി സ്മരിച്ചു. എന്തുവെല്ലുവിളികളെയും നേരിടാന്‍ കരുത്തുള്ളവരാണ് നമ്മുടെ ചെറുപ്പക്കാര്‍ എന്നാണ് പ്രധാനമന്ത്രി യുവതലമുറയെ കുറിച്ച് അഭിപ്രായപ്പെട്ടത്. 

Content Highlights: More trust and respect for padma Awards among common people now:Modi