ന്യൂഡല്‍ഹി: കൂടുതല്‍ തീവണ്ടി സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. റെയില്‍വേ സ്റ്റേഷനുകളില്‍ കടകളും അനുവദിക്കും.  ആഴ്ചകള്‍ നീണ്ട ലോക്ക്ഡൗണിനു ശേഷം രാജ്യം സാധാരണനിലയിലേയ്ക്ക് എത്തേണ്ട സമയമായെന്നും മന്ത്രി പറഞ്ഞു.

റെയില്‍വേ സ്റ്റേഷനുകളില്‍നിന്നുള്ള ടിക്കറ്റ് ബുക്കിങ് പുനരാരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ 1.7 ലക്ഷം കേന്ദ്രങ്ങളില്‍നിന്ന് വെള്ളിയാഴ്ച മുതല്‍ ബുക്കിങ് ആരംഭിക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ടും സുരക്ഷ മുന്‍നിര്‍ത്തിയും ടിക്കറ്റ് ബുക്കിങ് നടപ്പാക്കുന്നതിനുള്ള നപടിക്രമങ്ങള്‍ രൂപപ്പെടുത്തുന്നതിന് പഠനങ്ങള്‍ നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു.

കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളിലേയ്ക്ക് അയയ്ക്കുന്നതിന് തീവണ്ടികള്‍ ലഭ്യമാക്കാന്‍ ചില സംസ്ഥാനങ്ങള്‍ സഹകരിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. പശ്ചിമ ബംഗാള്‍ സ്വദേശികളായ 40 ലക്ഷം പേര്‍ വിവിധ സംസ്ഥാനങ്ങളിലായുണ്ട്. എന്നാല്‍ ഇതുവരെ 27 പ്രത്യേക തീവണ്ടികള്‍ മാത്രമാണ് പശ്ചിമബംഗാളിലേയ്ക്ക് സര്‍വീസ് നടത്തിയതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

ലോക്ക്ഡൗണിനു ശേഷം മേയ് ആദ്യം കുടിയേറ്റ തൊഴിലാളികളെ സ്വദേശങ്ങളില്‍ തിരിച്ചെത്തിക്കുന്നതിന് ശ്രമിക് എക്‌സ്പ്രസുകള്‍ സര്‍വീസ് ആരംഭിച്ചിരുന്നു. കഴിഞ്ഞ ആഴ്ച 200 തീവണ്ടികള്‍ കൂടുതലായി ഓടിക്കുമെന്നും റെയില്‍വേ അറിയിച്ചിരുന്നു. അടുത്ത മാസം മുതല്‍ സാധാരണ തീവണ്ടികള്‍ സര്‍വീസ് ആരംഭിക്കുമെന്നും റെയില്‍വേ വ്യക്തമാക്കിയിട്ടുണ്ട്.

നിലവില്‍ മാസ്‌ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുകൊണ്ടാണ് യാത്ര അനുവദിക്കുന്നത്. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലാത്തവരെ മാത്രമേ യാത്രചെയ്യാന്‍ അനുവദിക്കുന്നുള്ളൂ. ഓരോ കോച്ചിലും യാത്രചെയ്യുന്ന യാത്രക്കാരുടെ എണ്ണത്തിലും നിയന്ത്രണങ്ങളുണ്ട്.

Content Highlights: Covid 19, More Trains Soon, Bookings To Begin At Rail Counters