ന്യൂഡല്‍ഹി: രാജ്യത്ത് സ്ഥിരീകരിക്കുന്ന കോവിഡ് കേസുകളുടെ പകുതിയിലധികം കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ ഒന്‍പത് സംസ്ഥാനങ്ങളിലെ 37 ജില്ലകളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കേസുകളുടെ എണ്ണം കൂടുന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ ഒരാഴ്ചയായി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം ആശങ്ക ഉണ്ടാക്കുന്നതാണ്. കഴിഞ്ഞ ഒരാഴ്ച രാജ്യത്താകെ സ്ഥിരീകരിച്ച കേസുകളുടെ 51.51 ശതമാനവും കേരളത്തിലാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ രണ്ട് ആഴ്ചകളില്‍ കേരളത്തിലെ 11 ജില്ലകളും തമിഴ്‌നാട്ടിലെ ഏഴ് ജില്ലകളും ഉള്‍പ്പെടെ രാജ്യത്തെ ഒമ്പത് സംസ്ഥാനങ്ങളിലെ 37 ജില്ലകളില്‍ കോവിഡ് കേസുകളുടെ വർധന റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

11 സംസ്ഥാനങ്ങളിലെ 44 ജില്ലകളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും 10 ശതമാനത്തിന് മുകളിലാണ് പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് പോസിറ്റീവ് ആയ വ്യക്തിയില്‍നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിന്‍റെ തോത് (റീപ്രൊഡക്ഷന്‍ റേറ്റ്) അഞ്ച് സംസ്ഥാനങ്ങളില്‍ ഒന്നിന് മുകളിലാണ്. ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നിവയാണ് ആ സംസ്ഥാനങ്ങള്‍. രോഗവ്യാപനതോത് ചില സംസ്ഥാനങ്ങളില്‍ വര്‍ധിക്കുന്നത് ആശങ്കാജനകമാണെന്നും കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് ഉണ്ടായെങ്കിലും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അയവ് വരുത്താറായില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി. ഡെല്‍റ്റ വകഭേദം രാജ്യത്ത് 86 പേരില്‍ കൂടി സ്ഥിരീകരിച്ചിട്ടുണ്ട്. ഓഗസ്റ്റ് ഒന്‍പതിന് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്ത 34 കേസുകള്‍ ഉള്‍പ്പെടെയാണിത്.

അതേസമയം, രാജ്യത്ത് 28,204 കേസുകള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 3,19,98,158 ആയി. സജീവ കേസുകളടെ എണ്ണം 3,88,508 ആയി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 373 മരണം സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 4,28,682 ആയി.

Content Highlights: more than half of the covid case in india is reported in kerala