പ്രതീകാത്മക ചിത്രം| Photo: ANI
ന്യൂഡല്‍ഹി: കോവിഡിന്റെ രണ്ടാം തരംഗം പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തെ കോവിഡ് കേസുകളില്‍ പകുതിയില്‍ അധികവും കേരളം, മഹാരാഷ്ട്ര എന്നീ രണ്ട് സംസാനങ്ങളിലാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. കേരളത്തിലെ 14 ജില്ലകളും മഹാരാഷ്ട്രയിലെ 15 ജില്ലകളും ആശങ്ക സൃഷ്ടിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയ ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വൈറസിന്റെ സാന്നിധ്യം ഇപ്പോഴും ഉള്ളതിനാല്‍ അതീവ ജാഗ്രത തുടരേണ്ടതുണ്ട്. എന്നാല്‍ രാജ്യത്ത് പുതുതായി കോവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. പുതിയ കേസുകളുടെ ശരാശരിയില്‍ കഴിഞ്ഞയാഴ്ച എട്ട് ശതമാനം കുറവ് രേഖപ്പെടുത്തി. രാജ്യത്തെ പുതിയ കേസുകളില്‍ 80 ശതമാനവും 90 ജില്ലകളിലാണ്. യൂറോകപ്പ് സെമി ഫൈനലിന് ആതിഥ്യമരുളിയ യു.കെയില്‍ കൊറോണ വൈറസ് വ്യാപനം വീണ്ടും ഉണ്ടായിട്ടുണ്ടെന്ന് ലവ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടി. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഫുട്‌ബോള്‍ ആരാധകര്‍ മത്സരങ്ങള്‍ കാണാണെത്തിയതാണ് ഇതിന് കാരണം. നാം ജാഗ്രത കൈവെടിയരുതെന്നാണ് അത് വ്യക്തമാക്കുന്നത്. യു.കെയിലും റഷ്യയിലും ബംഗ്ലാദേശിലും വീണ്ടും കോവിഡ് വ്യാപനം ഉണ്ടായിട്ടുണ്ട്.
രാജ്യത്ത് മൂന്നാം തരംഗത്തെ അകറ്റി നിര്‍ത്തുന്നതിന് കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന പ്രവണത നിലനിര്‍ത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാജ്യത്ത് 43,393 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 3,07,52,950 ആയി. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, അസം എന്നിവയാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള അഞ്ച് സംസ്ഥാനങ്ങള്‍.
Content Highlights: More than half of country's covid cases are from Kerala and Maharashtra - Centre
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..