പട്‌ന: ഒന്നാം റാങ്കുകാരന്‍ ഉള്‍പ്പെടെ ഇക്കൊല്ലത്തെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ 25-ല്‍ അധികം പേര്‍ക്ക് അഭിമുഖത്തിന് പരിശീലനം നല്‍കിയത് ഒരുകൂട്ടം സിവില്‍ സര്‍വീസുകാരാണ്. ഇവരില്‍ വിരമിച്ചവരും നിലവില്‍ സര്‍വീസിലുള്ളവരുമുണ്ട്. നാഷണല്‍ അസോസിയേഷന്‍ ഫോര്‍ സിവില്‍ സെര്‍വെന്റ്‌സ് അഥവാ എന്‍.എ.സി.എസ്. നടത്തുന്ന ഇന്റര്‍വ്യൂ ഗൈഡന്‍സ് പരിപാടിയിലാണ്‌ ഉദ്യോഗാര്‍ഥികള്‍ പങ്കെടുത്തത്. ഇക്കൊല്ലം ആകെ 761 പേരാണ് സിവില്‍ സര്‍വീസസ് പരീക്ഷയുടെ കടമ്പ കടന്നത്.

ജാര്‍ഖണ്ഡ്, ബിഹാര്‍ സ്വദേശികളും വിരമിച്ചവരും സര്‍വീസില്‍ തുടരുന്നവരുമായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മയാണ് എന്‍.എ.സി.എസ്. മെയിന്‍ പരീക്ഷ പാസായ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യമായാണ് അഭിമുഖ പരിശീലനം നല്‍കുന്നത്. ഇക്കൊല്ലത്തെ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ ശുഭം കുമാര്‍, എന്‍.എ.സി.എസിന്റെ മാത്രമല്ല, ബിഹാറിന്റെയും ജാര്‍ഖണ്ഡിന്റെയും അഭിമാനം ഉയര്‍ത്തിയെന്ന് എന്‍.എ.സി.എസുമായി യോജിച്ചു പ്രവര്‍ത്തിക്കുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ വിജയ് കുമാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോടു പ്രതികരിച്ചു. 

ശുഭം കുമാറിനെ കൂടാതെ ഏഴാം റാങ്കുകാരനായ പ്രവീണ്‍ കുമാര്‍, പത്താം റാങ്ക് നേടിയ സത്യം കുമാര്‍, 114-ാം റാങ്ക് നേടിയ ദല്‍ജീത് കുമാര്‍ അങ്ങനെ നീളുകയാണ് എന്‍.എ.സി.എസില്‍നിന്ന് അഭിമുഖ പരിശീലനം നേടിയവരുടെ എണ്ണം. എട്ട് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ 2014-ലാണ് എന്‍.സി.എ.എസ്. സ്ഥാപിതമാകുന്നത്. നിലവില്‍ ആയിരത്തിലധികം ഓഫീസര്‍മാരാണ് എന്‍.സി.എ.എസുമായി സഹകരിക്കുന്നത്. അറുപതോളം പേരാണ് ഇത്തവണ അഭിമുഖ പരിശീലനത്തില്‍ പങ്കെടുക്കാന്‍ എത്തിയതെന്നും ഇതില്‍ 25 പേര്‍ പരീക്ഷ വിജയിച്ചതായും വിജയ കുമാര്‍ കൂട്ടിച്ചേര്‍ത്തു. 

content highlights: more than 25 aspirants mentored by nacs clears civil service exam