ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നരക്കോടിയോളം കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇതുവരെ കുത്തിവച്ചു കഴിഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍. 1.48 കോടിയിലധികം ഡോസുകള്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിവരെ കുത്തിവെച്ചുവെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

60 വയസിലധികം പ്രായമുള്ളവരിലും 45-നും 59-നും ഇടയില്‍ പ്രായമുള്ള, മറ്റ് രോഗങ്ങളുള്ളവരിലും 2.08 ലക്ഷം വാക്‌സിന്‍ ഡോസുകളാണ് കുത്തിവച്ചത്. രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും കണക്കുകള്‍ ആശങ്ക ഉണ്ടാക്കുന്നതല്ല. രോഗമുക്തി നേടുന്നവരുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്‌നാട്, പഞ്ചാബ് സംസ്ഥാനങ്ങളിലേക്കുകൂടി കേന്ദ്ര സംഘത്തെ അയച്ചിട്ടുണ്ടെന്നും ഹരിയാണയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വാക്‌സിനേഷന് കോവിന്‍ പ്ലാറ്റ്‌ഫോമിലൂടെ തുടങ്ങിയ രജിസ്‌ട്രേഷന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രണ്ടു ദിവസത്തിനകം 50 ലക്ഷത്തിലധികം പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞുവെന്ന് വാക്‌സിനേഷനുമായി ബന്ധപ്പെട്ട ഉന്നതതല സംഘത്തിന്റെ തലവന്‍ ആര്‍.എസ്. ശര്‍മ വെളിപ്പെടുത്തി. തിങ്കളാഴ്ച മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. കോവിഡ് വാക്‌സിനേഷനുവേണ്ടി സര്‍ക്കാര്‍ വികസിപ്പിച്ച കോവിഡ് പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ, വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനിടെയും തിരക്കേറിയ സ്ഥലങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നീതി ആയോഗ് അംഗം വി.കെ പോള്‍ അഭ്യര്‍ഥിച്ചു. ജാഗ്രത കുറയരുത്. വലിയ ആള്‍ക്കൂട്ടങ്ങളും വിരുന്ന് സത്കാരങ്ങളും വിവാഹ ചടങ്ങുകളും ഒഴിവാക്കണമെന്നും അവ അതിതീവ്ര രോഗവ്യാപനത്തിന് ഇടയാക്കിയേക്കാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Content Highlights: More than 1.48 crores doses of the COVID-19 vaccine have been administered- Health Secretary