മമത ബാനർജി, എം.കെ. സ്റ്റാലിൻ, പിണറായി വിജയൻ
ന്യൂഡല്‍ഹി: സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയെ ചോദ്യംചെയ്ത് പ്രതിപക്ഷത്തെ പ്രമുഖ കക്ഷികൾ. അപകീര്‍ത്തി പ്രസംഗത്തിന്‍റെ പേരിൽ വ്യാഴാഴ്ചയായിരുന്നു രാഹുലിനെ രണ്ട് വർഷം തടവിന് ശിക്ഷിച്ചുകൊണ്ട് കോടതി വിധി വന്നത്. വിധി വന്ന ദിവസം പ്രതികരിക്കാതിരുന്ന പല പാര്‍ട്ടി നേതാക്കളും ഇന്ന് രാഹുലിന് പിന്തുണയുമായി രംഗത്തെത്തി എന്നത് ശ്രദ്ധേയമാണ്.
ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാളും ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനും കഴിഞ്ഞദിവസംതന്നെ രാഹുലിനു വേണ്ടി രംഗത്തെത്തിയിരുന്നു. മറ്റ് ചില പ്രതിപക്ഷ പാര്‍ട്ടികള്‍ ഔദ്യോഗികമായി പ്രതികരിച്ചെങ്കിലും പ്രമുഖ നേതാക്കളെല്ലാം നിശബ്ദരായിരുന്നു. എന്നാല്‍ വെള്ളിയാഴ്ച രാഹുലിനെ അയോഗ്യനാക്കുന്ന നടപടി ഉണ്ടായതോടെ കോണ്‍ഗ്രസുമായി പ്രത്യക്ഷത്തൽ അകൽച്ച പുലർത്തുന്ന ടിഎംസി,സിപിഎം തുടങ്ങിയ കക്ഷികളുടെ നേതാക്കളടക്കം രംഗത്തെത്തി. പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയന്‍, ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ അടക്കമുള്ള നേതാക്കൾ രാഹുലിന് പിന്തുണയറിയിച്ചു.
ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രതികരിച്ചു. രാജ്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രിയുടെ കീഴില്‍ അരങ്ങേറുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാഹുലിനെപ്പോലെയൊരു നേതാവിനെതിരായ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രതികരിച്ചു. ആത്യന്തികമായി സത്യം ജയിക്കുമെന്ന് ഉറപ്പുണ്ട്. രാഹുലുമായി സംസാരിച്ചതായും തന്റെ ഐക്യദാര്‍ഢ്യം അറിയിച്ചതായും സ്റ്റാലിന്‍ പറഞ്ഞു.
മോദിയുടെ ഇന്ത്യയില്‍ പ്രതിപക്ഷ നേതാക്കള്‍ വേട്ടയാടപ്പെടുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആരോപിച്ചു. ക്രിമിനല്‍ പശ്ചാത്തലമുള്ള ബി.ജെ.പി നേതാക്കള്‍ മന്ത്രിസഭയില്‍ ഇടംകണ്ടെത്തുമ്പോള്‍ പ്രതിപക്ഷ നേതാക്കള്‍ തങ്ങളുടെ പ്രസംഗത്തിന്റെ പേരില്‍ അയോഗ്യരാക്കപ്പെടുന്നുവെന്നും മമത വ്യക്തമാക്കി.
ഒരു മോഷ്ടാവിനെ കള്ളനെന്ന് വിളിക്കുന്നത് രാജ്യത്ത് വലിയ കുറ്റകൃത്യമായി മാറിയിരിക്കുന്നുവെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. ഇത് ജനാധിപത്യത്തിനെതിരായുള്ള നടപടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍നിന്ന് രാഹുലിന് പിന്തുണയുമായി മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. രാഹുലിനെതിരായ നടപടി ഫാസിസമാണെന്ന് മുഖ്യമന്ത്രി ഫേയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. മന്ത്രിമാരായ മുഹമ്മദ് റിയാസ്, എം.ബി രാജേഷ്, സിപിഎം നേതാവ് എം. സ്വരാജ് എന്നിവരും രാഹുലിന് പിന്തുണ അറിയിച്ചു. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ് നിലവിലെന്ന് റിയാസും ജനാധിപത്യവാദികൾ പ്രതിഷേധമുയർത്തേണ്ട സന്ദർഭമാണിതെന്ന് സ്വരാജും കുറിച്ചു. രാഹുലിനെതിരായ നടപടി അങ്ങേയറ്റം അപലപനീയമാണെന്നായിരുന്നു എം.ബി. രാജേഷിന്റെ പ്രതികരണം.
പ്രതിപക്ഷ പാര്‍ട്ടികളിലെ പ്രബലരെല്ലാം വിഷയത്തിൽ ഒരേ നിലപാട് സ്വീകരിക്കുന്നതോടെ കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം ശക്തമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ചോദ്യം ചോദിക്കുന്നവരെ നിശബ്ദരാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിക്കഴിഞ്ഞു. വെള്ളിയാഴ്ച ഡൽഹിയിലടക്കം പല പ്രതിഷേധങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമെ മറ്റ് പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും പങ്കെടുത്തതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു.
Content Highlights: more opposition leaders speaks in favour of rahul gandhi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..