ന്യൂഡല്‍ഹി:  ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുകയും കാഷ്‌ലെസ്‌ ഇക്കണോമിയിലേക്ക് രാജ്യത്തെ നയിക്കുകയെന്നതും നോട്ട് അസാധുവാക്കലിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു. എന്നാല്‍ നോട്ട് നിരോധനത്തിന്റെ രണ്ടാംവാര്‍ഷികം കടന്നുപോകുമ്പോഴും, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ കറന്‍സികളുടെ മേധാവിത്വം തുടരുന്നു. 

ആര്‍ ബി ഐയുടെ കണക്കു പ്രകാരം 2018 ഒക്ടോബര്‍ 26ന് 19.6 ലക്ഷം കോടിരൂപയുടെ കറന്‍സികളാണ് പ്രചാരത്തിലുണ്ടായിരുന്നത്‌. നോട്ട് നിരോധനം നിലവില്‍ വരുന്നതിന് നാലുദിവസം മുമ്പ്, 2016 നവംബര്‍ നാലിന് 17.9 ലക്ഷം കോടിരൂപാ മൂല്യം വരുന്ന നോട്ടുകളാണ്‌ സമ്പദ് വ്യവസ്ഥയിലുണ്ടായിരുന്നതെന്ന് ആര്‍ ബി ഐയുടെ കണക്കുകളെ ഉദ്ധരിച്ച് മണി കണ്‍ട്രോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

എടിഎമ്മില്‍നിന്നുള്ള പണം പിന്‍വലിക്കലില്‍ എട്ടു ശതമാനം വര്‍ധനയുണ്ടായതായും ആര്‍ ബി ഐ റിപ്പോര്‍ട്ട് പറയുന്നു. 2016 ഒക്ടോബറില്‍ ഇത് 2.54 ലക്ഷമായിരുന്നു. ഓഗസ്റ്റ് 2018ല്‍ ഇത് 2.75 ലക്ഷം കോടിയായി വര്‍ധിച്ചു. നോട്ട് നിരോധനവേളയില്‍ എ ടി എമ്മുകളില്‍നിന്നുള്ള പണം പിന്‍വലിക്കലില്‍ കുത്തനെ കുറവാണ് രേഖപ്പെടുത്തിയിരുന്നത്. 2016 ഡിസംബറില്‍ എ ടി എമ്മുകളില്‍നിന്ന് പിന്‍വലിച്ചത് 1.06 ലക്ഷം കോടി രൂപയായിരുന്നു. 

ഡിജിറ്റല്‍ ഇടപാടുകളില്‍ പൊതുവേ വര്‍ധനയുണ്ടായിട്ടുള്ളതായും ആര്‍ ബി ഐ റിപ്പോര്‍ട്ട് പറയുന്നു. ഒക്ടോബര്‍ 2016നെക്കാള്‍ 86 ശതമാനം വര്‍ധനയാണ് മൊബൈല്‍ ബാങ്കിങ് ഇടപാടുകളിലുണ്ടായിട്ടുള്ളത്. ഒക്ടോബര്‍ 26 നവംബറില്‍ 1.13 ലക്ഷം കോടിരൂപയായിരുന്നത് ഓഗസ്റ്റ് 2018ല്‍ 2.06 ലക്ഷം കോടി രൂപയായി. 2016 നവംബര്‍ എട്ട് രാത്രി എട്ടുമണിക്കാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ് നിരോധിച്ചത്. 

content highlights; More cash in market now than before demonetisation day says rbi data