ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സമ്മേളനം ആരംഭിക്കാനിരിക്കെ സഭാനടപടികളില്‍  സ്വീകരിക്കേണ്ട സാമൂഹികാകലം പാലിക്കലുള്‍പ്പെടെയുള്ള സുരക്ഷാ മുന്‍കരുതലുകളെ കുറിച്ച് രാജ്യസഭാധ്യക്ഷനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവും ലോകസഭ സ്പീക്കര്‍ ഓം ബിര്‍ളയും തമ്മില്‍ ചര്‍ച്ച നടത്തി. വെര്‍ച്വല്‍ പാര്‍ലമെന്റ് ദീര്‍ഘകാലം തുടരാനാവുമോ എന്ന കാര്യവും ഇരുവരും പരിശോധിച്ചു.

കോവിഡ് വ്യാപനം പോലെയുള്ള ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സാധാരണഗതിയില്‍ സമ്മേളനം നടത്തുന്നത് അസാധ്യമായതിനാല്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തണമെന്ന് നായിഡുവും ഓം ബിര്‍ളയും അഭിപ്രായപ്പെട്ടു.

സഭാചര്‍ച്ചകളുടെ രഹസ്യാത്മകത വെര്‍ച്വല്‍ മീറ്റിങ്ങുകളില്‍ നിലനിര്‍ത്താനാവുമോ എന്ന കാര്യം വ്യക്തമായി പരിശോധിക്കണമെന്നും ഇരുവരും പറഞ്ഞു. ഇക്കാര്യം ഗൗരവമായി പരിശോധിക്കണമെന്ന് യോഗത്തില്‍ പങ്കെടുത്ത ഇരു സഭകളിലേയും സെക്രട്ടറി ജനറല്‍മാര്‍ക്ക് നായിഡുവും ഓം ബിര്‍ലയും നിര്‍ദേശം നല്‍കി.

ഇരു സഭകളുടേയും സമ്മേളനസ്ഥലങ്ങള്‍ പരസ്പരം മാറ്റുന്നതിനെ കുറിച്ചും ആലോചനയുണ്ട്. അംഗങ്ങളുടെ എണ്ണം കുറവായ രാജ്യസഭയുടെ യോഗനടപടികള്‍ ലോകസഭാ ചേംബറിലേക്കും നിലവില്‍ രാജ്യസഭായോഗം ചേരുന്ന സെന്‍ട്രല്‍ ഹാളിലേക്ക് ലോകസഭായോഗം ചേരാനുമുള്ള ആലോചനയും നിലവിലുണ്ട്.

ജൂലായ്-ഓഗസ്റ്റ് മാസങ്ങളിലാണ് പാര്‍ലമെന്റിന്റെ  വര്‍ഷകാലസമ്മേളനം  ചേരുന്നത്. പാര്‍ലമെന്റ് നടപടികളുടെ തല്‍സമയടെലിവിഷന്‍ സംപ്രേക്ഷണം ഇപ്പോഴുള്ളതിനാല്‍ രഹസ്യാത്മകയെ കുറിച്ചുള്ള ആശങ്ക നിലനില്‍ക്കാന്‍ സാധ്യതയില്ല. സുരക്ഷിതമായ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വിവിധ പാര്‍ലമെന്ററി കമ്മിറ്റികളുടെ വെര്‍ച്വല്‍ യോഗങ്ങളെ കുറിച്ചും ആലോചിക്കാമെന്ന് നായിഡുവും ബിര്‍ളയും അഭിപ്രായപ്പെട്ടു.  

Article Source- Times Now, India.com

Content Highlights: Monsoon session of parliament may be virtual