ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരെ മങ്കി പോക്സ് പരിശോധനയ്ക്ക് വിധേയരാക്കുന്നു | ഫോട്ടോ: എ.എൻ.ഐ
ന്യൂഡല്‍ഹി: രാജ്യത്തെ രണ്ടാമത്തെ മങ്കി പോക്സ് കേസും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍. എല്ലാ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും യാത്രക്കാരെ കര്‍ശന ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്കി. വിമാനത്താവള, തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുമായി ആരോഗ്യവകുപ്പ് ഡയറക്ടര്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിലൂടെ മങ്കി പോക്സ് രോഗം രാജ്യത്ത് വ്യാപിക്കുന്നത് തടയുന്നതിന് ഇവരെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. വിമാനത്താവളങ്ങളിലെ ഇമിഗ്രേഷന്‍ വിഭാഗങ്ങള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
മങ്കി പോക്സ് നിയന്ത്രിക്കുന്നതിന് സംസ്ഥാന ഭരണകൂടങ്ങളും ഇമിഗ്രേഷന്‍, വിമാനത്താവളം, തുറമുഖം എന്നീ വിഭാഗങ്ങളും തമ്മില്‍ കാര്യക്ഷമമായ ഏകോപനം ആവശ്യമാണെന്നും ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ടാമത്തെ മങ്കി പോക്സ് കേസും കേരളത്തില്‍ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്. ദുബായില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശിക്കാണ് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് യുവാവ്. ഈ മാസം പതിമൂന്നിനാണ് യുവാവ് ദുബായില്‍ നിന്നെത്തിയത്.
നേരത്തേ കൊല്ലത്ത് മങ്കിപോക്സ് സ്ഥിരീകരിച്ചതിനു പിന്നാലെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കുകയും രോഗലക്ഷണമുള്ളവരുടെ സാമ്പിള്‍ പരിശോധിക്കുന്നത് അടക്കമുള്ള നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂരിലും മങ്കിപോക്സ് ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..