Photo-PTI
ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ കേസുകളില്‍ എന്‍ഫോസ്മെന്റ് ഡയറക്ടറേറ്റിന്റെ വിപുലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീം കോടതി. അറസ്റ്റ് ചെയ്യുന്നതിനും വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനും ഇ.ഡിക്കുള്ള അധികാരം കോടതി ശരിവച്ചു. സമന്‍സ് അയച്ച് ചോദ്യംചെയ്യലിന് വിളിപ്പിക്കുന്നവര്‍ക്ക് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് കൈമാറേണ്ടതില്ല. ഇ.ഡി ഓഫീസര്‍മാര്‍ പോലീസിന് തുല്യമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
2002-ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ സുപ്രധാന വകുപ്പുകള്‍ ആണ് സുപ്രീം കോടതി ശരിവച്ചത്. വകുപ്പ് 3 (കള്ളപ്പണം വെളുപ്പിക്കലിനെ സംബന്ധിച്ച നിര്‍വചനം), 5 (വസ്തുക്കള്‍ കണ്ടുകെട്ടുന്നതിനുള്ള അധികാരം), 17 (തിരച്ചില്‍ നടത്തുന്നതിനുള്ള അധികാരം), 18 (വ്യക്തികളെ പരിശോധിക്കുന്നതിനുള്ള അധികാരം), 19 (അറസ്റ്റിനുള്ള അധികാരം), 24 (നിരപരാധിയെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം), 44 (പ്രത്യേക കോടതിയില്‍ വിചാരണ നടത്തുന്നതിനുള്ള അധികാരം), 45 (ജാമ്യത്തിനുള്ള കര്‍ശന വ്യവസ്ഥകള്‍) എന്നിവയാണ് സുപ്രീം കോടതി ശരിവെച്ചത്. ജാമ്യത്തിന് കര്‍ശന വ്യവസ്ഥകള്‍ സംബന്ധിച്ച് പോരായ്മകള്‍ ഉണ്ടെങ്കില്‍ അവ പാര്‍ലമെന്റിന് തിരുത്താം എന്ന് സുപ്രീം കോടതി വ്യക്തമാക്കി.
ഇ.ഡി ഓഫീസര്‍മാർ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തുല്യമല്ലെന്ന് കോടതി വ്യക്തമാക്കി. പോലീസ് ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന എഫ്‌ഐആറും ഇ.ഡി ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ടും ഒരുപോലെ കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് ഏജന്‍സിയുടെ ആഭ്യന്തര റിപ്പോര്‍ട്ട് ആണ്. അതിനാല്‍ ക്രിമിനല്‍ നടപടി ചട്ടത്തിലെ വ്യവസ്ഥകള്‍ ഈ റിപ്പോര്‍ട്ടിന് ബാധകമല്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. നിയമത്തിലെ 50-ാം വകുപ്പ് പ്രകാരം ഇ.ഡി ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുന്ന മൊഴികള്‍ ഭരണഘടനാപരമായി സാധുവാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സമന്‍സ് അയച്ച് ചോദ്യംചെയ്യലിന് വിളിക്കപ്പെടുന്ന വ്യക്തിക്ക് എന്‍ഫോഴ്സ്മെന്റ് കേസ് ഇന്‍ഫോര്‍മേഷന്‍ റിപ്പോര്‍ട്ട് കൈമാറേണ്ടതില്ല. എന്നാല്‍ അറസ്റ്റിന്റെ സമയത്ത് കാരണം അറിയിക്കണം. പ്രത്യേക കോടതിയില്‍ എത്തിക്കുമ്പോള്‍ ആവശ്യപ്പെട്ടാല്‍ രേഖകള്‍ കൈമാറണമെന്നും കോടതി നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ എ. എം. ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സി. ടി. രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചിന്‍തേതാണ് സുപ്രധാനമായ വിധി.
2002-ലെ നിയമത്തില്‍ 2019-ല്‍ കൊണ്ടുവന്ന ഭേദഗതി പിന്നെ ബില്ലായി പാസ്സാക്കിയ നടപടി വിശാല ബെഞ്ച് പരിഗണിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാജ്യത്തെ പിഎംഎല്‍എ അപ്പലേറ്റ് ട്രിബ്യൂണലുകളിലെ ഒഴിവുകള്‍ നികത്താന്‍ നടപടി സ്വീകരിക്കണമെന്ന് കോടതി കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..