പട്‌ന: സ്ത്രീയോട് അപരമര്യാദയായി പെരുമാറിയ യുവാവിന് അപൂര്‍വ ശിക്ഷ വിധിച്ച് കോടതി. യുവാവിന്റെ ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ സൗജ്യന്യമായി  അലക്കി തേച്ചു കൊടുക്കാനാണ് ജാമ്യ വ്യവസ്ഥയായി കോടതി ഉത്തരവിട്ടത്. ബിഹാരിലെ മധുബാനി ജില്ലയിലെ ജഞ്ചര്‍പുരിലെ കോടതിയുടേതാണ് ഉത്തരവ്. 

20 വയസുള്ള അലക്കു ജോലി ചെയ്യുന്ന ലലന്‍ കുമാറിനാണ് അസാധാരാണ ഉപാധിയോടെ ജഡ്ജി അവിനാഷ് കുമാര്‍ ജാമ്യം അനുവദിച്ചത്. പ്രതിക്ക് 20 വയസ്സ് മാത്രമേയുള്ളൂവെന്നും മാപ്പ് നല്‍കണമെന്നും അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. സാമൂഹ്യ സേവനത്തിന് പ്രതി തയ്യാറാണന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇതു പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഇതോടൊപ്പം ജാമ്യത്തുക കെട്ടിവെയ്ക്കാനും കോടതി ഉത്തരവിട്ടു. സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കാന്‍ വേണ്ടിയാണ് യുവാവിന് ഈ ശിക്ഷ നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. 

ആറു മാസം ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടേയും വസ്ത്രങ്ങള്‍ സൗജ്യന്യമായി അലക്കി തേച്ചു കൊടുക്കണം. ഏകദേശം രണ്ടായിരം സ്ത്രീകളുടെ വസ്ത്രങ്ങള്‍ ഇത്തരത്തില്‍ അലക്കി തേക്കേണ്ടി വരും. ഇത് കൃത്യമായി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ ഗ്രാമമുഖ്യനേയും കോടതി ചുമതലപ്പെടുത്തി. ഗ്രാമമുഖ്യന്റെ സാക്ഷ്യപത്രം പ്രതി കോടതിയില്‍ ഹാജരാക്കുകയും വേണം. 

നേരത്തെ ജഡ്ജി അവിനാഷ് കുമാര്‍ കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ രണ്ടു പേര്‍ക്ക് ജാമ്യം അനുവദിച്ചതും അപൂര്‍വമായ ഉത്തരവിലൂടെയാണ്. ദളിത് വിഭാഗത്തിലുള്ള അഞ്ച് കുട്ടികള്‍ക്ക് എല്ലാ ദിവസവും അര ലിറ്റര്‍ പാല്‍ നല്‍കാനാണ് കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ശിവജി മിശ്രയോടും അശോക് മിശ്രയോടും കോടതി ആവശ്യപ്പെട്ടത്. ഇതു ആറു മാസം തുടരണമെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു. 

കോടതിയുടെ അപൂര്‍വ ശിക്ഷകള്‍

2021 മാര്‍ച്ച്

2021 മാര്‍ച്ചില്‍ ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എബോബ്‌ഡെ കേസിലെ  പ്രതിയോട് ആവശ്യപ്പെട്ടിരുന്നു. സ്‌കൂള്‍ വിദ്യാര്‍ഥിയെ ബലാത്സംഗം ചെയ്ത മഹാരാഷ്ട്ര ഇലക്ട്രിക് പ്രൊഡക്ഷകന്‍ കമ്പനിയിലെ തൊഴിലാളിയായ മോഹിത് സുഭാഷ് ചവാനായിരുന്നു ഈ കേസിലെ പ്രതി. 'നിങ്ങള്‍ ആ പെണ്‍കുട്ടിയെ വിവാഹം കഴിക്കുകയാണെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. അങ്ങനയല്ലെങ്കില്‍ നിങ്ങളുടെ ജോലി നഷ്ടപ്പെടും. ജയിലില്‍ പോകേണ്ടി വരും. ' എസ്എ ബോബ്ദെ അന്ന് ചവാന്റെ വക്കീലിനോട് പറഞ്ഞു. 

2020 ഓഗസ്റ്റ്

മധ്യപ്രദേശ് ഹൈക്കോടതിയിലെ ഇന്‍ഡോര്‍ ബെഞ്ച് സ്ത്രീയോട് അപമര്യാദയായി പെരുമാറിയ യുവാവിനോട് ആ സ്ത്രീയുടെ കൈയില്‍ രാഖി കെട്ടാന്‍ ഉത്തരവിട്ടു. ഒപ്പം ഈ ചടങ്ങിന്റെ ഭാഗമായി 11,000 രൂപ സ്ത്രീക്ക് നല്‍കാനും ആവശ്യപ്പെട്ടു. ഓഗസ്റ്റ് മൂന്നിന് രാവിലെ 11 മണിക്ക് യുവതിയുടെ വീട്ടില്‍ ഒരു പെട്ടി മധുരപലഹാരങ്ങളുമായി എത്തിയാണ് രാഖി കെട്ടേണ്ടതെന്നും കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. 

 

Content Highlights: Molestation Accused Punished By Court Asked To Wash Clothes Of All The Women In Bihar Village