Supreme Court | Photo - PTI
ന്യൂഡല്‍ഹി: അയോഗ്യനാക്കപ്പെട്ട ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ചത് കണക്കിലെടുത്ത് ഉപതിരഞ്ഞെടുപ്പ് നടത്തണമോ എന്നതില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി നിര്‍ദേശം. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. ഫൈസല്‍ ശിക്ഷിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ തന്നെ പാര്‍ലമെന്റ് അംഗത്വത്തില്‍നിന്ന് അയോഗ്യനാക്കിയതിനെ സുപ്രീം കോടതി വിമര്‍ശിച്ചു.
ലക്ഷദ്വീപ് ലോക്‌സഭാ മണ്ഡലത്തില്‍ ഫെബ്രുവരി 27-ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു കേന്ദ്ര തിരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ വധശ്രമകേസില്‍ ഫൈസലിന്റെ ശിക്ഷ കേരള ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് തടയണമെന്ന് അയോഗ്യനാക്കപ്പെട്ട എംപിക്കുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബലും, കെ.ആര്‍ ശശിപ്രഭും വാദിച്ചു. ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിയുടെ പകര്‍പ്പ് അഭിഭാഷകര്‍ കോടതിക്ക് കൈമാറി.
എംപി അയോഗ്യനാക്കപ്പെട്ട സാഹചര്യത്തില്‍ സീറ്റ് ഒഴിഞ്ഞ് കിടക്കുന്നുവെന്ന് ലോക്‌സഭാ സെക്രട്ടറിയേറ്റ് അറിയിച്ചതിനാലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍ സിംഗ് സുപ്രീം കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ നടത്തിയ കടുത്ത പരാമര്‍ശങ്ങള്‍ അനുചിതമാണെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.
അതേസമയം ശിക്ഷയ്ക്ക് എതിരെ അപ്പീല്‍ നല്‍കിയിട്ടുണ്ടോയെന്ന കാര്യം എന്തുകൊണ്ടാണ് അയോഗ്യത സംബന്ധിച്ച കാര്യത്തില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് പരിശോധിക്കാത്തത് എന്ന് സുപ്രീം കോടതി ആരാഞ്ഞു. ഇന്റര്‍നെറ്റ് യുഗത്തില്‍ ഇക്കാര്യങ്ങള്‍ ഒക്കെ അറിയാന്‍ ബുദ്ധിമുട്ട് ആണോയെന്നും ബെഞ്ചില്‍ അംഗമായ ജസ്റ്റിസ് ബി.വി നാഗരത്‌ന ആരാഞ്ഞു. അയോഗ്യത സംബന്ധിച്ച തീരുമാനം സ്പീക്കറാണ് എടുത്തതെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, എന്തുകൊണ്ട് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങള്‍ സ്പീക്കറിന്റെ ശ്രദ്ധയില്‍ പെടുത്തിയില്ലെന്ന് കോടതി ആരാഞ്ഞു.
സുപ്രീം കോടതിയുടെ ഇന്നത്തെ നിര്‍ദ്ദേശത്തോടെ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത് സംബന്ധിച്ച തീരുമാനത്തില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടാണ് ഇനി നിര്‍ണ്ണായകം ആകുക.
Content Highlights: Mohammed Faizal MP Lakshadweep Supreme Court
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..