ന്യൂഡല്‍ഹി: യുവാക്കള്‍ തൊഴിലില്ലായ്മയെക്കുറിച്ച് സംസാരിക്കുമെന്ന് ഭയമുള്ളതുകൊണ്ടാണ് രാജ്യത്ത് പബ്ജി നിരോധിക്കാതിരുന്നതെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്‍വി. കഴിഞ്ഞ ദിവസം 47 ചൈനീസ് ആപ്പുകള്‍ക്ക് കൂടി രാജ്യത്ത് നിരോധനമേര്‍പ്പെടുത്തിയതിന്റെ പശ്ചാത്തലത്തിലാണ് യുവാക്കള്‍ പബ്ജി പോലുളള ഗെയിമുകള്‍ക്ക് അടിമയായിരിക്കുന്നത് തൊഴിലില്ലായ്മ കാരണമാണെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് വക്താവ് മുന്നോട്ടുവന്നത്. 

മോദിജി പബ്ജി നിരോധിക്കണമെന്ന് യഥാര്‍ഥത്തില്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ പബ്ജി നിരോധിച്ചാല്‍ ഫാന്റസിയുടെ ലോകത്ത് നിന്ന് പുറത്തുവരുന്ന യുവാക്കള്‍ തൊഴിൽ ആവശ്യപ്പെടുമെന്നും അത് ഒരു പ്രശ്‌നമാകുമെന്നും അദ്ദേഹം മനസ്സിലാക്കി. എന്നായിരുന്നു സിംഗ്‍വിയുടെ ട്വീറ്റ്. 

ജൂണില്‍ 59 ആപ്പുകള്‍ രാജ്യത്ത് നിരോധിച്ചിരുന്നു. ആദ്യഘട്ടത്തില്‍ നിരോധിച്ച ആപ്പുകളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കാണ് ഇപ്പോള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. 

ടിക് ടോക് ലൈറ്റ്, ഹെലോ ലൈറ്റ്, ഷെയറിറ്റ് ലൈറ്റ്, ബിഗോ ലൈറ്റ്, വി.എഫ്.വൈ. ലൈറ്റ് തുടങ്ങിയവ ഇക്കൂട്ടത്തിലുണ്ടെന്നാണ് സൂചന. കൂടാതെ ചില മുന്‍നിര ഗെയിമിങ് ആപ്പുകളുമുണ്ട്. ചൈനീസ് ഏജന്‍സികളുമായി ഈ ആപ്പുകള്‍ ഡേറ്റാ പങ്കിടുന്നുണ്ടെന്നാണ് ആരോപണം. ദേശീയ സുരക്ഷാലംഘനം, സ്വകാര്യത എന്നിവയുമായി ബന്ധപ്പെട്ട് 250 ആപ്പുകള്‍ നിരീക്ഷണത്തിലാണെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ജനപ്രിയ ഗെയിമിങ് ആപ്പായ പബ്ജിയും നിരീക്ഷണത്തിലുള്ളവയില്‍പ്പെടും.

ലഡാക്കില്‍ ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ചൈനീസ് ആപ്പുകള്‍ക്കെതിരേ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങിയത്.ടിക് ടോക്, ഷെയറിറ്റ്, യു.സി. ബ്രൗസര്‍ തുടങ്ങിയ ആപ്പുകളാണ് കേന്ദ്രം മുമ്പ് നിരോധിച്ചത്. 

Content Highlights: Modiji really wanted to ban PubG but ..tweets Abhishek Singhvi