ചെന്നൈ: മോദി- ഷി ജിന്‍ പിങ് അനൗദ്യോഗിക ഉച്ചകോടിക്ക് എന്തുകൊണ്ടാണ് ദക്ഷിണേന്ത്യയിലെ ചരിത്ര നഗരമായ മാമല്ലപുരമെന്ന മഹാബലിപുരത്തെ തിരഞ്ഞെടുത്തത് എന്നതില്‍ ആശ്ചര്യം പ്രകടിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. സാധാരണ ഗതിയില്‍ ഹിന്ദി ഹൃദയഭൂമികയിലെ പ്രധാനപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കേണ്ട നയതന്ത്ര പ്രധാനമായ ചര്‍ച്ചകള്‍ ദക്ഷിണേന്ത്യന്‍ സംസ്ഥനമായ തമിഴ് നാട്ടിലെ പൗരാണിക നഗരത്തില്‍ എത്തിച്ചതില്‍ നിരവധി സന്ദേശങ്ങള്‍ ചൈനയ്ക്കും തമിഴ്‌നാടിനുമായി ഒളിഞ്ഞുകിടപ്പുണ്ട്.
1,200 മുതല്‍ 1,300 വര്‍ഷം വരെ പഴക്കമുള്ള ചരിത്ര പ്രാധാന്യമുള്ള നഗരമാണ് മഹാബലിപുരമെന്ന് ഇപ്പോള്‍ അറിയപ്പെടുന്ന മാമല്ലപുരം. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലുള്ള സ്ഥലം കൂടിയാണ് ഇത്. പല്ലവ രാജാക്കന്മാരുടെ ഭരണകാലത്താണ് ഈ തുറമുഖ നഗരം നിര്‍മിക്കപ്പെട്ടത്. ചൈനയുമായി നൂറ്റാണ്ടുകള്‍ക്ക് മുമ്പെ വ്യാപാരബന്ധം നടന്നത് ഈ തുറമുഖം വഴിയായിരന്നു. ഇത് തെളിയിക്കുന്ന പുരാവസ്തു തെളിവുകള്‍ ഇവിടെ നിന്ന് കണ്ടെടുത്തിട്ടുമുണ്ട്.
പൗരാണിക കാലത്ത് ചൈന ലോകരാജ്യങ്ങളുമായി ബന്ധപ്പെട്ടിരുന്ന വഴികളെ പുനഃരുജ്ജീവിപ്പിച്ച് ലോകത്തിന്റെ നായക സ്ഥാനം സ്വന്തമാക്കാന്‍ കൊതിക്കുന്ന രാജ്യമാണ് ചൈന. തങ്ങളുടെ പഴയ വഴികളില്‍ ഇപ്പോഴത്തെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് അതീവ താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. ഡല്‍ഹിക്ക് പുറത്ത് അനൗപചാരിക ഉച്ചകോടിക്ക് വേദിയൊരുക്കണമെന്ന മോദിയുടെ ആവശ്യത്തിന് മാമല്ലപുരം തിരഞ്ഞെടുക്കപ്പെടാന്‍ ഈ ചരിത്രബന്ധമാണ് അധികൃതരെ പ്രേരിപ്പിച്ചത്.
മാത്രമല്ല തമിഴ്‌നാടും ചൈനയും തമ്മില്‍ മറ്റൊരു പ്രധാന ബന്ധം ആഴത്തില്‍ കിടപ്പുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചൈനയില്‍ ബുദ്ധമത ദര്‍ശനങ്ങളെ എത്തിച്ചത് തമിഴ്‌നാട്ടിലെ പല്ലവ രാജകുമാരനായ ബോധിധര്‍മനാണെന്നാണ് വിശ്വാസം. ബോധിധര്‍മന്റെ യഥാര്‍ഥ പേര് ഇതേവരെ വ്യക്തമായിട്ടില്ലെങ്കിലും ഇദ്ദേഹം പല്ലവ രാജാവിന്റെ മൂന്നാമത്ത മകനായിരുന്നുവെന്ന് കണക്കാക്കപ്പെടുന്നു.
ഇദ്ദേഹമാണ് ചൈനയില്‍ ബുദ്ധമതത്തിന്റെ ഭാഗമായി ധ്യാനവും മറ്റ് ദര്‍ശനങ്ങളും ചൈനക്കാര്‍ക്ക് പകര്‍ന്നു നല്‍കിയത്. തമിഴ്‌നാട്ടിലെ ആയുധരഹിത യുദ്ധമുറയില്‍ പ്രാവീണ്യം നേടിയിരുന്ന ബോധിധര്‍മന്‍ അത് ചൈനയിലെ ജനങ്ങളെ പഠിപ്പിച്ചിരുന്നുവെന്നും പറയപ്പെടുന്നു.
ബോധിധര്‍മനെപ്പറ്റി ചൈനീസ് ബുദ്ധ ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. ഇദ്ദേഹം പ്രചരിപ്പിച്ച ബുധധര്‍മമാണ് ചൈന, ജപ്പാന്‍, തായ്‌ലന്‍ഡ്, ഇന്തോനേഷ്യ, തുടങ്ങിയ കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ സ്വാധീനം ചെലുത്തിയ സെന്‍ ബുദ്ധിസം. സംസ്‌കൃതത്തിലെ 'ധ്യാന്‍' എന്ന പദം ചൈനീസ് വിവര്‍ത്തനത്തില്‍ 'ചാന്‍' എന്നാവുകയും പിന്നീട് 'സെന്‍' എന്ന് മൊഴിമാറുകയും ചെയ്തുവെന്നാണ് പറയപ്പെടുന്നത്.
ചൈനയ്ക്ക് ഇന്ത്യ നല്‍കിയ ഏറ്റവും മൂല്യമേറിയ സംഭാവനയാണ് ബുദ്ധ ധര്‍മം. അതിന്റെ തുടക്കം മാമല്ലപുരത്തുനിന്നാണെന്നതാണ് അനൗദ്യോഗിക ഉച്ചകോടിയുടെ വേദിയുടെ പ്രാധാന്യം.
പിന്നീടുള്ളത് ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യം കൂടിയാണ്. ജയലളിതയുടെ അസാന്നിധ്യം മുതലെടുത്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ നിര്‍ണായക ശക്തിയാകാന്‍ ബിജെപിക്ക് തമിഴ് ജനതയുടെ പ്രാദേശിക വികാരത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്.
തമിഴ് രാഷ്ട്രീയത്തില്‍ സ്ഥാനമുറപ്പിക്കാന്‍ രജനികാന്തും കമല്‍ ഹാസനും പരിശ്രമിക്കുന്നതിനിടെയാണ് ബിജെപിയും കടന്നുകയറാന്‍ ശ്രമിക്കുന്നത്. വലിയ ആരാധകവൃന്ദമുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ നിര്‍ണായ കേന്ദ്രമാകാന്‍ ഇരുവര്‍ക്കും സാധിച്ചിട്ടുമില്ല. 2021ല്‍ നടക്കേണ്ട തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ പരമാവധി നേട്ടം കൊയ്ത് നിയമസഭയിലേക്ക് കടക്കുകയെന്നതാണ് ബിജെപിയുടെ ലക്ഷ്യം. ഇതിലേക്കുള്ള ബിജെപിയുടെ രാഷ്ട്രീയ ചൂണ്ടകളിലൊന്നാണ് മോദി- ഷി ജിന്‍ പിങ് ഉച്ചകോടിയെന്നാണ് വിലയിരുത്തല്‍.
Content Highlights: Modi- Xi Informal summit; Mahabaliparam and India's interests