ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ ഹാജര്‍ നില, മണ്ഡലത്തിലെ പ്രവര്‍ത്തനം എന്നിവ ചൂണ്ടിക്കാണിച്ച് ബിജെപി എംപിമാര്‍ക്ക് താക്കീതുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വയം വിലയിരുത്തി പ്രവര്‍ത്തിക്കാന്‍ എംപിമാരോട് അദ്ദേഹം ആവശ്യപ്പെട്ടു. മാറുന്നില്ലെങ്കില്‍ മാറ്റത്തിന് തയ്യാറെടുത്തുകൊള്ളാനും അദ്ദേഹം എം.പിമാരെ ഓര്‍മിപ്പിച്ചു. 

അംബേദ്കര്‍ സെന്ററില്‍ നടന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍ക്ക് താക്കീത് നല്‍കിയത്. എല്ലാ എംപിമാരും തങ്ങളുടെ മണ്ഡലങ്ങളില്‍ കായിക മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്ന് മോദി ആവശ്യപ്പെട്ടുവെന്ന് യോഗത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെച്ച പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. 

പാര്‍ലമെന്റിലെ എംപിമാരുടെ ഹാജര്‍ സംബന്ധിച്ച് രൂക്ഷമായ ഭാഷയിലാണ് പ്രധാനമന്ത്രി വിമര്‍ശനം ഉന്നയിച്ചത്. എല്ലാ എംപിമാരും പാര്‍ലമെന്റ് നടപടികളില്‍ കൃത്യമായി പങ്കെടുക്കണം. പലതവണ ഇക്കാര്യം അറിയിച്ചുവെന്നും കുട്ടികള്‍ പോലും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടാല്‍ അനുസരണ കാണിക്കുമെന്നും മോദി പറഞ്ഞു. എംപിമാരുടെ മോശം ഹാജര്‍നിലയെ മുന്‍പും പ്രധാനമന്ത്രി വിമര്‍ശിച്ചിരുന്നു. 

യോഗത്തില്‍ പങ്കെടുത്ത ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ എംപിമാരോട് തങ്ങളുടെ മണ്ഡലങ്ങളിലെ ജില്ലാ പ്രസിഡന്റുമാരേയും മണ്ഡലം പ്രസിഡന്റുമാരേയും മാസത്തിലൊരിക്കല്‍ വിളിച്ച് ചായ സല്‍ക്കാരം നടത്താനും കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനും നിര്‍ദേശിച്ചു. തന്റെ മണ്ഡലമായ വാരാണസിയിലെ നേതാക്കള്‍ക്ക് മോദി ഡിസംബര്‍ 14ന് സല്‍ക്കാരം ഒരുക്കുന്നുണ്ട്.

Content Highlights: modi warns bjp mps in parliamentary party meeting