ന്യൂഡല്‍ഹി: പൊതു തിരഞ്ഞെടുപ്പിലെ വന്‍ വിജയത്തിന് ശേഷം എല്‍കെ അദ്വാനി, മുരളീമനോഹര്‍ ജോഷി എന്നീ മുതിര്‍ന്ന ബിജെപി നേതാക്കളെ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിച്ചു. ഇരു നേതാക്കള്‍ക്കും നന്ദി അറിയിച്ച് സന്ദര്‍ശനത്തിന്റെ ചിത്രം മോദി ട്വിറ്ററില്‍ പങ്കുവെച്ചു. വെള്ളിയാഴ്ച രാവിലെയാണ് മോദി ഇരുവരേയും സന്ദര്‍ശിച്ചത്‌.

അദ്വാനിയെ പോലുള്ള മുതിര്‍ന്ന നേതാക്കളുടെ പതിറ്റാണ്ടുകള്‍ നീണ്ട പ്രവര്‍ത്തനമാണ് പാര്‍ട്ടിയ്ക്ക് ശക്തമായ അടിത്തറ നല്‍കിയതെന്ന് മോദി ട്വീറ്റ് ചെയ്തു. അദ്വാനിയുടെ വസതിയില്‍ അമിത് ഷായോടൊപ്പം സന്ദര്‍ശനം നടത്തിയതിന്റെ ചിത്രവും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് പുതിയ രാഷ്ട്രീയവീക്ഷണം ഉണ്ടാക്കാന്‍ അദ്വാനിയെ പോലുള്ള നേതാക്കള്‍ക്ക് സാധിച്ചെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

പണ്ഡിതനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ.മുരളീമനോഹര്‍ ജോഷി വിദ്യാഭ്യാസ മേഖലയ്ക്കായി നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. ജോഷിയുടെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയെ കൂടുതല്‍ ശക്തിപ്പെടുത്തിയെന്നും താനുള്‍പ്പെടെ നിരവധി നേതാക്കളെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്നും മോദി പറഞ്ഞു. 

2014 നേക്കാള്‍ മികച്ച നേട്ടം കൈവരിക്കാന്‍ കഴിഞ്ഞതില്‍ നരേന്ദ്രമോദിയെ അദ്വാനി അഭിനന്ദിച്ചിരുന്നു. തിരഞ്ഞടെുപ്പിനോടനുബന്ധിച്ച് അദ്വാനിയേയും മുരളീ മനോഹര്‍ ജോഷിയേയും മുഖ്യധാരാപ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയതില്‍ ഇരുവരും അസംതൃപ്തരായിരുന്നു.  

Content Highlights:Modi visits Advani and Murali Manohar Joshi after mega victory