ന്യൂഡല്‍ഹി: സൈനിക ബഹുമതികള്‍ നേടിയ വീരസൈനകരെ കുറിച്ച് രണ്ടുവാക്ക് ഫെയ്‌സ്ബുക്കില്‍ കുറിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. രാജ്യത്തിനു വേണ്ടി രാപകലില്ലാതെ സേവനമനുഷ്ഠിച്ചവരാണ് ഈ സൈനികര്‍ അവര്‍ക്കുള്ള ആദരം വാക്കുകളില്‍ ഒതുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രതിമാസ റേഡിയോ പരിപാടിയായ മാന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ കൂടുതലും. പരമോന്നത ബഹുമതികള്‍ ലഭിച്ച സൈനികരെ കുറിച്ച് പഠിച്ച ശേഷം രണ്ടു വാക്ക് ഫെയ്‌സ്ബുക്കില്‍ കുറിച്ചാല്‍ അവരോട് കാണിക്കുന്ന ആദരവാകുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീരില്‍ ഹിമപാതത്തില്‍ മരിച്ച ധീര ജവാന്‍മാര്‍ക്ക് പ്രധാനമന്ത്രി പ്രണാമമര്‍പ്പിച്ചു. അതുപോലെ നാല്‍പതാം വാര്‍ഷികം പൂര്‍ത്തിയാക്കിയ കോസ്റ്റ് ഗാര്‍ഡിന് എല്ലാവിധ ആശംസകളും നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു. കോസ്റ്റ് ഗാര്‍ഡ് തീരസംരക്ഷണത്തില്‍ ചെയ്യുന്ന സേവനം ഈ അവസരത്തില്‍ അനുസ്മരിക്കുകയാണ്.

ഇന്ന് സ്ത്രീകളും കോസ്റ്റ് ഗാര്‍ഡില്‍ പ്രവര്‍ത്തിച്ചു വരുന്നു. ഇന്ത്യയുടെ അഭിമാന സന്നാഹമായി മാറുകയാണ് കോസ്റ്റ് ഗാര്‍ഡ്. എല്ലാ ജവാന്‍മാര്‍ക്കും നാല്‍പാതാം വാര്‍ഷിക ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി പറഞ്ഞു.