ന്യൂഡല്‍ഹി: ഗുജറാത്തിലെ റെയില്‍വേയുടെ പ്രധാന പദ്ധതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തിന് സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴിയായിരിക്കും ഉദ്ഘാടനം. 

സംസ്ഥാനത്തെ അക്വാട്ടിക്‌സ് ആന്‍ഡ് റോബോട്ടിക്‌സ് ഗ്യാലറിയും നേച്ചര്‍ പാര്‍ക്കും ചടങ്ങില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്യും. 

നവീകരിച്ച ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്‍, വൈദ്യുതീകരിച്ച മഹേസാന-വരേധാ പാത, സുരേന്ദ്രനഗര്‍-പിപാവാവ് സെക്ഷന്‍ എന്നിവയാണ് പദ്ധതികള്‍.

ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന്റെ നവീകരണം 71 കോടി രൂപ ചെലവഴിച്ചാണ് നടപ്പിലാക്കിയത്. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ സ്റ്റേഷനില്‍ പ്രത്യേക ടിക്കറ്റ് ബുക്കിങ്ങ് കൗണ്ടര്‍ തുടങ്ങി പഞ്ചനക്ഷത്ര ഹോട്ടല്‍ വരെയുണ്ട്. 

മഹേസാനാ-വരേധാ പാതയുടെ 55 കിലോമീറ്റര്‍ വൈദ്യുതീകരണത്തിന് 74 കോടി രൂപയും സുരേന്ദ്രനഗര്‍-പിപാവാവ് സെക്ഷന് 289 കോടി രൂപയുമാണ് ചെലവായത്. 

പുതിയ രണ്ടു ട്രെയിന്‍ സര്‍വ്വീസുകളും മോദി ഫ്‌ളാഗ് ഓഫ് ചെയ്യും.