ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ കാരണം കര്‍ഷകരും ചെറുകിട വ്യാപാരികളും കഷ്ടപ്പെടുമ്പോള്‍ ചില വന്‍വ്യവസായികള്‍ക്കൊപ്പമാണ് മോദിയെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. തന്റെ മണ്ഡലമായ അമേത്തിയില്‍ ദ്വിദിന സന്ദര്‍ശനത്തിനിടെയാണ് രാഹുലിന്റെ പരാമര്‍ശം. 

ബിജെപിയും ആര്‍എസ്എസും കാണിച്ചുകൂട്ടുന്നത് കണ്ട് ജനങ്ങള്‍ അമ്പരന്നിരിക്കുകയാണെന്നും ഓരോ ദിവസം കഴിയും തോറും പ്രശനങ്ങള്‍ കൂടി വരികയാണെന്നും രാഹുല്‍ അഭിപ്രായപ്പെട്ടു. ചെറുകിടവ്യവസായികളുടെ അടിത്തറ നശിപ്പിച്ചു. കര്‍ഷകര്‍ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല, എന്നാല്‍ സമ്പന്നരായ ബിസിനസ്സുകാരുടെ രണ്ട് ലക്ഷം കോടി രൂപയോളം വരുന്ന വായ്പയാണ് ഈ സര്‍ക്കാര്‍ എഴുതി തള്ളിയതെന്നും രാഹുല്‍ ആരോപിച്ചു. 

ജി.എസ്.ടിയും നോട്ടുനിരോധനവും നടപ്പിലാക്കി ജനങ്ങളുടെ പണം തട്ടിയെടുത്ത് നീരവ് മോദിയും വിജയ് മല്യയും പോലുള്ള സാമ്പത്തിക കുറ്റവാളികള്‍ക്ക് നല്‍കുകയാണ് പ്രധാനമന്ത്രി ചെയ്‌തതെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി വാഗ്ദാനം ചെയ്ത  ബുളളറ്റ് ട്രയിന്‍ നടക്കാത്ത വാഗ്ദാനം മാത്രമാണെന്നും അതൊരിക്കലും യാഥാര്‍ഥ്യമാകാന്‍ പോകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു. 

അന്താരാഷ്ട്ര കാര്യങ്ങളില്‍ മോദി തികഞ്ഞ പരാജയമാണെന്നും രാഹുല്‍ പറഞ്ഞു. ചൈനിസ് പ്രസിഡന്റിനെ ഗുജറാത്തില്‍ സ്വീകരിക്കുമ്പോള്‍ ചൈനീസ് സൈന്യം ദോക്ലാമില്‍ അതിക്രമിച്ചു കയറിയെന്നും രാഹുല്‍ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയുമാണ ചട്ടകൂടിലാണ് ആര്‍.എസ്.എസ് എല്ലാവരെയും കാണുന്നതെന്നും എന്നാല്‍ കോണ്‍ഗ്രസ്സ് എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.