ന്യൂഡല്‍ഹി: അമേരിക്കയിലേക്കുള്ള വിമാനയാത്രയ്ക്കിടെയുള്ള പ്രധാനമന്ത്രിയുടെ ഒരു ചിത്രം വൈറലാകുന്നു. യാത്രയ്ക്കിടയിലും ജോലി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രമാണ് വൈറലായത്. ദീര്‍ഘദൂരയാത്രയെന്നാല്‍ ചില പേപ്പറുകളും ഫയല്‍ വര്‍ക്കും തീര്‍ക്കാനുള്ള അവസരംകൂടിയാണെന്ന തലക്കെട്ടോടെ പ്രധാനമന്ത്രി ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചിരുന്നു.

കേന്ദ്രമന്ത്രിമാരുള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ മോദിയെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. എല്ലായിപ്പോഴും ഒരു ക്ഷീണവുമില്ലാതെ രാജ്യസേവനം നടത്തുന്ന വ്യക്തിയെന്നാണ് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വിശേഷിപ്പിച്ചത്. 

വിമാനത്തിനുള്ളില്‍ ഫയലുകള്‍ നോക്കുന്ന മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹാദുര്‍ ശാസ്ത്രിയുടെ ചിത്രം മോദിയോടൊപ്പം പങ്കുവെച്ചാണ് ബിജെപി നേതാവ് കപില്‍ മിശ്ര പ്രധാനമന്ത്രിയെ പുകഴ്ത്തിയത്. അതേസമയം വാഷിങ്ടണിലെത്തിയ പ്രധാനമന്ത്രിക്ക് വലിയ സ്വീകരണമാണ് ഇന്ത്യന്‍സമൂഹം ഒരുക്കിയത്. മോദി..മോദി വിളികളും ദേശീയ പതാക വീശിയുമായിരുന്നു സ്വീകരണം.

അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായുള്ള കൂടിക്കാഴ്ച, ക്വാഡ് ഉച്ചകോടി, യു.എന്‍ പൊതുസഭയെ അഭിസംബോധന ചെയ്യല്‍ എന്നിവയാണ് മോദിയുടെ ത്രിദിന യു.എസ്. സന്ദര്‍ശനത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇത് ആദ്യമായാണ് ജോ ബൈഡനും മോദിയും തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. 

അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആദ്യദിനമായ വ്യാഴാഴ്ച, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് എന്നിവരുമായി കൂടിക്കാഴ്ച നടത്തും. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷമാണ് മോദി-മോറിസണ്‍ കൂടിക്കാഴ്ച. 

Content Highlights: Modi`s picture of filework inside flight goes viral