മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഇന്ത്യ നടത്തുന്ന തയ്യാറെടുപ്പുകള്‍ അടിമത്ത മനോഭാവത്തിന്റെ പ്രതിഫലനമാണെന്ന് ശിവസേനാ മുഖപത്രം സാമ്‌ന.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം ഒരു ബാദ്ഷാ (ചക്രവര്‍ത്തിയുടെ) സന്ദര്‍ശനം പോലെയാണ് അനുഭവപ്പെടുന്നതെന്നും സാമ്ന കുറ്റപ്പെടുത്തി. ട്രംപിന്റെ സന്ദര്‍ശനം രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ സഹായിക്കില്ല, മതിലിനുപിന്നിലുള്ള ചേരിനിവാസികള്‍ക്ക് അഭിവൃദ്ധിയുണ്ടാക്കുകയുമില്ല.
സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് രാജാവോ രാജ്ഞിയോ ഇന്ത്യയെപ്പോലുള്ള അടിമ രാജ്യങ്ങളെ വര്‍ഷത്തിലൊരിക്കല്‍ സന്ദര്‍ശിക്കുമായിരുന്നു. ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നികുതിദായകരില്‍ നിന്ന് പിരിച്ചെടുത്ത പണമുപയോഗിച്ച് അതേ രീതിയിലുള്ള തയ്യാറെടുപ്പുകളാണ് ഇന്ന് നടക്കുന്നത്. ഇന്ത്യക്കാരുടെ അടിമത്ത മനോഭാവമാണ് ഇത് പ്രതിഫലിപ്പിക്കുന്നതെന്നും സാമ്ന വിമർശിക്കുന്നു.
അഹമ്മദാബാദിലെ ചേരികള്‍ മറയ്ക്കാന്‍ മതിലുപണിയുന്ന നടപടിയെയും സാമ്‌ന പരിഹസിക്കുന്നുണ്ട്. മുന്‍പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 'ഗരീബി ഹടാവോ' (ദാരിദ്ര്യം തുടച്ചുമാറ്റുക) എന്നൊരു മുദ്രാവാക്യം ഉയര്‍ത്തിയിരുന്നു. വളരെക്കാലം ആ മുദ്രാവാക്യം പരിഹസിക്കപ്പെട്ടതാണ്. എന്നാല്‍ ഇന്ന് മോദിയുടെ പദ്ധതി 'ഗരീബി ചുപാവോ' (ദാരിദ്യം ഒളിച്ചുവെക്കുക) എന്നതാണ്, സാമ്‌ന പറയുന്നു.
അഹമ്മദാബാദില്‍ ഇത്തരമൊരു മതില്‍ പണിയുന്നതിന് പണം എന്തെങ്കിലും മാറ്റിവെക്കപ്പെട്ടിട്ടുണ്ടോ? രാജ്യത്താകെ ഇത്തരം മതിലുകള്‍ പണിയുന്നതിനായി യുഎസ് ഇന്ത്യക്ക് ധനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ടോ? ട്രംപ് മൂന്നുമണിക്കൂര്‍ മാത്രമാണ് അഹമ്മദാബാദില്‍ ഉണ്ടാവുകയെന്നാണ് അറിയാന്‍ കഴിഞ്ഞത്. എന്നാല്‍ മതിലുപണി സര്‍ക്കാര്‍ ഖജനാവിന് നൂറുകോടി രൂപയുടെ ബാധ്യതയാണ് ഉണ്ടാക്കുന്നത്.
പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും തമ്മിലുളള രാഷ്ട്രീയ ധാരണകളാണ് ഇതിന്റെ അടിസ്ഥാനമെന്നും സാമ്‌ന ആരോപിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 'ഹൗഡി മോദി' എന്ന പരിപാടി യുഎസ് സംഘടിപ്പിച്ചു. സമാനമായി 'കേം ഛോ ട്രംപ്' എന്ന പരിപാടി യുഎസ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യയില്‍ സംഘടിപ്പിക്കുന്നു. അതിനു പ്രധാന കാരണം ഗുജറാത്തില്‍ നിന്നുളള് ആളുകള്‍ യുഎസില്‍ താമസിക്കുന്നുണ്ട് എന്നുള്ളതാണ്.
ഫെബ്രുവരി 24-നാണ് ട്രംപ് ഗുജറാത്ത് സന്ദര്‍ശിക്കുന്നത്. സബര്‍മതി ആശ്രമം സന്ദര്‍ശിക്കുന്ന ട്രംപ് പിന്നീട് മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും. പിന്നീട് രണ്ടുനേതാക്കളും ചേര്‍ന്ന് മൊടേരയിലുള്ള പുതിയ ക്രിക്കറ്റ് സ്‌റ്റേഡിയം ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ ഒരു ലക്ഷത്തോളം ആളുകള്‍ എത്തുമെന്നാണ് കരുതുന്നത്.
Content Highlights: Modi's paln is Gareebi Chupavo, Shivsena mouthpiece Samna says
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..