ലഖ്‌നൗ: കോവിഡ് രണ്ടാം തരംഗത്തെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വളരെ നല്ല രീതിയില്‍ നേരിട്ടുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. പ്രധാനമന്ത്രി 'ഗുഡ് സര്‍ട്ടിഫിക്കറ്റ്' നല്‍കിയതുകൊണ്ട് സംസ്ഥാനത്തെ യഥാര്‍ത്ഥ കോവിഡ് സ്ഥിതി മറച്ചുവെക്കാന്‍ കഴിയില്ലെന്നാണ് അവരുടെ വിമര്‍ശനം. ട്വിറ്ററിലൂടെയാണ് പ്രിയങ്ക വിമര്‍ശം ഉന്നയിച്ചത്.

ജനങ്ങളോട് വളരെ ക്രൂരമായും, അവഗണനാ മനോഭാവത്തിലുമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് പെരുമാറിയത്. വളരെയധികം കഷ്ടതകളും ദുരിതവുമാണ് സംസ്ഥാനത്തെ ജനങ്ങള്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ കാലത്ത് നേരിട്ടത്. ഇതിന് പരിഹാരം കാണുന്നതിലും കോവിഡിനെ നേരിടുന്നതിലും യോഗി തികഞ്ഞ പരാജയമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസം തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസി സന്ദര്‍ശിക്കുന്നതിനിടെയാണ് മോദി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ പുകഴ്ത്തിയത്. ലോകത്തെ നിരവധി രാജ്യങ്ങളെക്കാള്‍ ജനസംഖ്യയുള്ള സംസ്ഥാനമായിട്ടും കോവിഡ് രണ്ടാം തരംഗത്തെ യുപി സര്‍ക്കാര്‍ നേരിട്ടത് പ്രശംസനീയമാണെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്.

Content Highlights: Modi`s certificate can`t hide the real covid situation in UP says Priyanka Gandhi