ന്യൂഡല്‍ഹി: ഗുജറാത്ത് തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പ്രധാനമന്ത്രി മോദിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. മോദി ഗുജറാത്തില്‍ നടത്തുന്നത് സ്വന്തം പ്രചാരണമാണെന്ന് ചിദംബരം പരിഹസിച്ചു. 

മോദി തനിക്ക് വേണ്ടി മാത്രമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്. അതല്ല തിരഞ്ഞെടുപ്പ് പ്രചാരണം. കഴിഞ്ഞ 42 മാസമായി രാജ്യത്ത് ഉണ്ടാവാതിരുന്ന എന്നാല്‍ മോദി വാഗ്ദാനം ചെയ്ത 'അച്ഛേ ദിന്‍'നെ കുറിച്ചാവണം യഥാര്‍ത്ഥ പ്രചാരണമെന്നും ചിദംബരം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ആണെന്ന കാര്യം മോദി മറന്നോ എന്നും ചിദംബരം പരിഹസിച്ചു. 

ബിജെപിയുടെ ഗുജറാത്ത് മോഡല്‍ വികസന വാദങ്ങള്‍ക്കെതിരേയും ചിദംബരം ആഞ്ഞടിച്ചു. തൊഴിലില്ലായ്മയെ കുറിച്ചും വ്യാവസായിക നിക്ഷേപങ്ങള്‍ കുറയുന്നതിനെ കുറിച്ചും ചെറുകിട സംരഭങ്ങള്‍ തകരുന്നതിനെ കുറിച്ചും കയറ്റുമതി കുറയുന്നതിനെ കുറിച്ചും വിലക്കയറ്റത്തെ കുറിച്ചും എന്തുകൊണ്ടാണ് മോദി സംസാരിക്കാതിരിക്കുന്നത്, കാരണം അപ്രിയ സത്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പ്രധാനമന്ത്രിക്ക് സാധിക്കില്ലെന്നതു കൊണ്ടു തന്നെ എന്നും ചിദംബരം കുറ്റപ്പെടുത്തി. 

രാഷ്ട്രപിതാവായ ഗാന്ധിജി ഗുജറാത്തിന്റെ പുത്രനാണെന്ന് മോദി മറന്നു. സ്വാതന്ത്ര്യസമരം നയിക്കാന്‍ വേണ്ടി ഗാന്ധി തിരഞ്ഞെടുത്ത ഉപകരണമായിരുന്നു കോണ്‍ഗ്രസ് പാര്‍ട്ടി.  ബിജെപിയും പ്രധാനമന്ത്രിയും ഇപ്പോള്‍ സര്‍ദാര്‍ വല്ലഭായ് പാട്ടേലിനെ ഉയര്‍ത്തിപ്പിടിച്ച് നടക്കുകയാണ്. എന്നാല്‍ സര്‍ദാര്‍ ബിജെപിയേയും ആര്‍സ്എസിനേയും അവരുടെ ആശയങ്ങളേയും എന്നും തള്ളിക്കളഞ്ഞിരുന്നുവെന്നത് സംശയമില്ലാത്ത കാര്യമാണെന്നും ചിദംബരം പറഞ്ഞു. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിക്കെതിരെ പി ചിദംബരം രംഗത്തെത്തിയത്. 

Content Highlight: Narendra Modi, P Chidambaram, Gujarat Election 2017