ന്യൂഡല്‍ഹി: പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ എട്ടാമത്തെ ഗഡു രാജ്യത്തെ 9.5 കോടി കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി കൈമാറി. പദ്ധതിയുടെ എട്ടാം ഗഡുവും 2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യ ഗഡുവുമായി 20,000 കോടി രൂപയാണ് ഇന്ന് കേന്ദ്ര സര്‍ക്കാര്‍ വിതരണം ചെയ്തത്. ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ പ്രധാനമന്ത്രി ഓണ്‍ലൈനില്‍ കര്‍ഷകരുമായി സംവദിച്ചു.

പശ്ചിമ ബംഗാളിലെ കര്‍ഷകര്‍ക്ക് ആദ്യമായി പദ്ധതിയുടെ പ്രയോജനം ലഭിച്ചുവെന്ന് യോഗത്തില്‍ സംസാരിച്ച മോദി പറഞ്ഞു. കോവിഡ് വ്യാപനത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും വാക്‌സിനേഷന്‍ മാത്രമാണ് ഈ വൈറസിന് പരിഹാരമെന്നും അദ്ദേഹം പറഞ്ഞു. വാക്‌സിനേഷന്‍ എടുത്താലും മാസ്‌കുകള്‍ നിര്‍ബന്ധമാണെന്നും മോദി കൂട്ടിച്ചേര്‍ത്തു.

ചെറുകിട കര്‍ഷകര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. രാജ്യത്തെ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി പ്രതിവര്‍ഷം 6000 രൂപ സാമ്പത്തിക സഹായം നല്‍കുന്നതാണ് ഈ പദ്ധതി. ഇത് പ്രകാരം രാജ്യത്തെ അര്‍ഹരായ കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 2000 രൂപയുടെ മൂന്ന് ഗഡുക്കള്‍ ലഭിക്കും. 

ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി) മോഡ് വഴി ഓണ്‍ലൈനായാണ് കേന്ദ്ര സര്‍ക്കാര്‍ അര്‍ഹരായ കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക വിതരണം ചെയ്യുക. സ്വന്തമായി രണ്ട് ഏക്കറില്‍ കവിയാത്ത കൃഷി ഭൂമിയുള്ള ചെറുകിട കര്‍ഷകര്‍ക്കാണ് പദ്ധതി പ്രകാരമുള്ള ആനുകൂല്യം ലഭിക്കുക.

Content Highlights: Modi Releases Rs 20,000 Cr Worth PM Kisan Samman Nidhi Yojna Installment for 9.5 Cr Farmers