ന്യൂഡല്‍ഹി: അഭിലാഷ് ടോമിയുടെ ഉത്സാഹവും ധൈര്യവും പ്രചോദനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍ കി ബാതിലൂടെ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിലാഷ് ടോമിയുമായി സംസാരിച്ചുവെന്നും വലിയൊരു പ്രതിസന്ധിയില്‍കൂടി കടന്നുപോയിട്ടും അദ്ദേഹത്തിന്റെ ഉത്സാഹവും ധൈര്യവും പ്രചോദനമാണെന്നും മോദി പറഞ്ഞു. രാജ്യത്തെ യുവാക്കളെങ്ങനെയെന്നുള്ള ഉദാഹരണമാണ് അഭിലാഷ് ടോമിയെന്നും മോദി പുകഴ്ത്തി. ഗോള്‍ഡന്‍ ഗ്ലോബ് റേസിനിടെ പരിക്കേറ്റ അഭിലാഷ് ടോമി ഇപ്പോള്‍ ചികിത്സയിലാണ്. 

ഇന്ത്യന്‍ സൈന്യത്തിന് അഭിവാദ്യമര്‍പ്പിച്ചാണ് മോദി തന്റെ പ്രഭാഷണം തുടങ്ങിയത്. മിലാവാക്രമണത്തെയും അതിന്റെ വാര്‍ഷികമായ പരാക്രം പര്‍വിനേക്കുറിച്ചും മോദി പരാമര്‍ശിച്ചു. 2016ലെ മിന്നലാക്രമണത്തില്‍കൂടി തീവ്രവാദത്തിന്റെ മറവില്‍ നിഴല്‍യുദ്ധം നടത്തുന്നവര്‍ക്ക് ശക്തമായ മറുപടി നല്‍കിയെന്ന് മോദി പരാമര്‍ശിച്ചു. 

രാജ്യത്തിന്റെ സമാധാനത്തിനും പുരോഗതിക്കും വിഘാതമാകുന്നവര്‍ക്ക് ഉചിതമായ മറുപടി നമ്മുടെ ജവാന്മാര്‍ നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു. 

ഈവര്‍ഷത്തെ ഒക്ടോബര്‍ രണ്ട് പ്രത്യേകതകള്‍ ഉള്ളതാണെന്ന് മോദി പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികാഘോഷങ്ങള്‍ക്ക് ഈ വര്‍ഷം തുടക്കം കുറിക്കുമെന്നും മോദി പറഞ്ഞു. ഒക്ടോബര്‍ രണ്ട് മുന്‍ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ ജന്മദിനംകൂടിയാണെന്നും മോദി പറഞ്ഞു. 

സ്വഛതാ ഹി സേവ പ്രവര്‍ത്തനം വിജയകരമാക്കിമാറ്റുന്നതിനായി പ്രവര്‍ത്തിച്ച എല്ലാ ഇന്ത്യക്കാര്‍ക്കും മോദി അഭിനന്ദനം അറിയിച്ചു. 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും അദ്ദേഹം അഭിനന്ദിച്ചു.