ന്യൂഡല്‍ഹി: റിസര്‍വ്വ് ബാങ്കിന് മേല്‍ പിടിമുറുക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം നിരോധനത്തിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായാണെന്ന് കോണ്‍ഗ്രസ്. കരുതല്‍ ധനശേഖരത്തില്‍ നിന്ന് 3.6 ലക്ഷം കോടി വേണമെന്ന് സര്‍ക്കാര്‍ ആര്‍ബിഐയോട് ആവശ്യപ്പെട്ടത് ഇതിന്റെ ഭാഗമാണെന്നും കോണ്‍ഗ്രസ് വക്താവ് അഭിഷേക് സിങ്‌വി പറഞ്ഞു.

റിസര്‍വ്വ് ബാങ്കിനോട് പണം വാങ്ങി തങ്ങളുടെ അടുപ്പക്കാരായ വ്യവസായികളെയും മറ്റും സഹായിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. കള്ളക്കഥകള്‍ മെനഞ്ഞും തെറ്റായ വസ്തുതകള്‍ ആവര്‍ത്തിച്ചും ആര്‍ബിഐയുടെ വിശ്വാസ്യത തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആര്‍ബിഐയുടെ കരുതല്‍ ധനം രാജ്യത്തിന്റെ സമ്പത്താണ്. അത് ലക്ഷ്യംവച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് രണ്ടാം ഘട്ട നോട്ട് നിരോധനം നടപ്പാക്കാനാണ് എന്നും സിങ്‌വി പറഞ്ഞു.

നോട്ട്‌നിരോധനത്തിലൂടെ രാജ്യത്തെ മൊത്ത ആഭ്യന്തര ഉല്പാദനത്തില്‍ ഒന്നരശതമാനം ഇടിവുണ്ടായി. അത് രാജ്യത്തിന്റെ സമ്പദ്ഘടനയെ ആകെത്തകര്‍ത്തു. ഇപ്പോള്‍ വീണ്ടും നോട്ട്‌നിരോധനം നടപ്പാക്കാനാണ് സര്‍ക്കാരിന്റെ നീക്കം. അതിലൂടെ രാജ്യത്തെ ആഭ്യന്തരഉല്പാദനത്തില്‍ 2 ശതമാനം ഇടിവ് സംഭവിക്കാനാണ് പോകുന്നതെന്നും സിങ്‌വി കുറ്റപ്പെടുത്തി. 

റിസര്‍വ്വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്ന് 3.6 ലക്ഷം കോടി രൂപ വേണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ആകെ കരുതല്‍ ധനത്തിന്റെ 40 ശതമാനം വരും ഈ തുക.