ന്യൂഡല്‍ഹി:  ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് വിലക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വ്യക്തമായ നിര്‍ദ്ദേശം ലഭിക്കാതെ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് പ്രതിരോധശേഷിയെ ബാധിക്കുമെന്ന് പ്രധാനമന്ത്രി ജനങ്ങളെ ഓര്‍മിപ്പിച്ചു.

മാസത്തില്‍ ഒരു ദിവസം സര്‍ക്കാര്‍ ആസ്പത്രികളില്‍ ഗര്‍ഭിണികള്‍ക്ക് സൗജന്യ ആരോഗ്യ പരിശോധന നടത്തുവാന്‍ രാജ്യത്തെ ഡോക്ടര്‍മാരോടും അദ്ദേഹം ആഹ്വാനം ചെയ്തു. 

തന്റെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കീ ബാത്തീലൂടെ രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 


മന്‍ കീ ബാത്തില്‍ പ്രധാനമന്ത്രി പറഞ്ഞ പ്രധാനകാര്യങ്ങള്‍....... 

- റിയോ ഒളിപിംക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഞാന്‍ ആശംസകള്‍ നേരുന്നു

- റിയോ ഒളിപിംക്‌സില്‍ പങ്കെടുക്കുന്നവര്‍ക്ക് പിന്തുണ നല്‍കേണ്ടത് രാജ്യത്ത് 125 കോടി ജനങ്ങളുടെ ഉത്തരവാദിത്തമാണ്.

- ഒരു രാത്രി കൊണ്ടൊരാള്‍ അത്‌ലറ്റ് ആയി മാറില്ല, അതിന് വര്‍ഷങ്ങള്‍ നീണ്ട കഠിനപ്രയത്‌നം ആവശ്യമാണ്. 

- വരും ദിവസങ്ങളില്‍ നമ്മുടെ കായികതാരങ്ങള്‍ക്ക് ആവേശം പകരാന്‍ എല്ലാവരും ശ്രമിക്കണം, ഇക്കാര്യത്തില്‍ നിങ്ങള്‍ക്കൊപ്പം ഞാനുമുണ്ടാക്കും.

- നിങ്ങളുടെ പ്രധാനമന്ത്രി പോസ്റ്റ്മാന്റെ ജോലി ഏറ്റെടുക്കാനും സന്നദ്ധനാണ്. നമ്മുടെ അത്‌ലറ്റുകള്‍ക്കുള്ള ആശംസകള്‍ നരേന്ദ്രമോദി എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പങ്കു വയക്കാം.

- ഡോ.എപിജെ അബ്ദുള്‍ കലാമിനെക്കുറിച്ചോര്‍ക്കുമ്പോള്‍ ശാസ്ത്രവും, സാങ്കേതികവിദ്യയുമെല്ലാമാണ് മനസില്‍ വരുന്നത്. ഭാവിയെ നയിക്കുക സാങ്കേതികവിദ്യയാണ് അത് കൊണ്ടു തന്നെ ആ മേഖലയില്‍ നമ്മുക്ക് മുന്നേറേണ്ടതുണ്ട്.

- ടെക്‌നോളജി ഓരോ ദിവസം കഴിയും തോറും മാറുകയാണ്. അതിനൊപ്പം ഓടിയെത്തണമെങ്കില്‍ നമ്മളും മാറിക്കൊണ്ടിരിക്കണം. ഇതിന് ഗവേഷണവും പരിഷ്‌കാരങ്ങളും അനിവാര്യമാണ്. 

- ഈ ഘട്ടത്തിലാണ് എയിം (അടല്‍ ഇന്നോവേഷന്‍ മിഷന്‍) പോലുള്ള പദ്ധതികള്‍ക്ക് പ്രസക്തിയേറുന്നത്. 

- ഏതാനും ദിവസം മുന്‍പ് വരെ നമ്മള്‍ വരള്‍ച്ചയെക്കുറിച്ച് ആശങ്കപ്പെടുകയായിരുന്നു. ഇപ്പോള്‍ ഒരു വശത്ത് മണ്‍സൂണിനെക്കുറിച്ചും മറുവശത്ത് വെള്ളപ്പൊക്കത്തെക്കുറിച്ചുമാണ് നാം കേള്‍ക്കുന്നത്. 

- വെള്ളപ്പൊക്കബാധിതരെ സഹായിക്കാന്‍ കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ തോളോടു തോള്‍ ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. 

- ഗവ.ആസ്പത്രികളും ഡോക്ടര്‍മാരും അവരാല്‍ സാധിക്കും വിധം പ്രവര്‍ത്തിക്കുന്നുണ്ട്. എങ്കിലും നിങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഞാനഭ്യര്‍ത്ഥിക്കുന്നു. ഡെങ്കി പനി അടക്കമുള്ള അസുഖങ്ങളെ പ്രതിരോധിക്കാന്‍ അത് സഹായിക്കും 

- ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കരുതെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. 

- തുടര്‍ച്ചയായി ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. രോഗാണുകളും വൈറസുകളും ആന്റിബയോട്ടിക് മരുന്നുകള്‍ക്കെതിരെ പ്രതിരോധശക്തി കൈവരിക്കുന്നത് അപകടകരമായ സാഹചര്യമാണ്.

- ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണ്. അതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശമില്ലാതെ ആന്റിബയോട്ടിക് മരുന്നുകള്‍ ഉപയോഗിക്കുന്നത് ജനങ്ങള്‍ അവസാനിപ്പിക്കണം. 

- രാജ്യത്തെ ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതിയില്‍ ഉത്കണ്ഠയുണ്ട്. എല്ലാ മാസത്തിലേയും ഒന്‍പതാം തീയതി ഗവ.ആസ്പത്രികളില്‍ വച്ച് ഗര്‍ഭിണികള്‍ക്ക് ഫ്രീചെക്കപ്പ് നടത്താന്‍ മാറ്റിവക്കണമെന്ന് ഡോക്ടര്‍മാരോട് ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. 

- ഇതിനോടകം തന്നെ ആയിരക്കണക്കിന് ഡോക്ടര്‍മാര്‍ എന്റെ ഈ നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യ പോലൊരു രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ ഈ ക്യാംപെയ്‌നില്‍ പങ്കു ചേരാന്‍ തയ്യാറാവണം. 

- കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ആഗോളതലത്തില്‍ തന്നെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 

- കഴിയാവുന്നത്ര വൃക്ഷങ്ങള്‍ നട്ടുകൊണ്ട് ഒരു ബഹുജനമുന്നേറ്റത്തിന് തന്നെ ഇക്കാര്യത്തില്‍ തുടക്കമിടണം. 

- വലിയ ലാഭവും നിക്ഷേപവും വാഗ്ദാനം ചെയ്തു കൊണ്ട് നിരവധി ഫോണ്‍ കോളുകളും സന്ദേശങ്ങളും നമുക്ക് ലഭിക്കുന്നുണ്ട്. 

- തട്ടിപ്പിന്റെ പുതിയ മുഖങ്ങളാണിതെല്ലാം. നിരവധി പേരാണ് ഇതിലൂടെ ചതിക്കപ്പെട്ടത് ഇക്കാര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. 

- അലിഗഢ് റെയില്‍വേസ്റ്റേഷന്റെ സൗന്ദര്യവത്കരണത്തിനായി പ്രവര്‍ത്തിച്ച ഒരു സംഘത്തെ ഈയിടെ പരിചയപ്പെട്ടു. അവരെ അഭിനന്ദിക്കാന്‍ ഈ അവസരം ഉപയോഗിക്കട്ടെ

- ഇനി ആഗസ്ത് 15-ന് രാഷ്ട്രത്തെ ഞാന്‍ വീണ്ടും അഭിസംബോധന ചെയ്തു സംസാരിക്കും. നിങ്ങളുടെ ആശയങ്ങളും നിര്‍ദേശങ്ങളും മൈ ഗവ (Mygov) എന്ന വെബ്‌സൈറ്റിലൂടേയോ മൊബൈല്‍ ആപ്ലിക്കേഷനിലൂടേയോ ഞാനുമായി പങ്കു വയ്ക്കാം.