കേദാര്‍നാഥ്:  പൊതു തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ അവസാനിച്ചതിന് തൊട്ടുപിന്നാലെ കേദാര്‍നാഥിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ശനിയാഴ്ച രാവിലെയാണ് മോദി കേദാര്‍നാഥില്‍ എത്തിച്ചേര്‍ന്നത്. 

പരമ്പരാഗത ഉത്തരാഖണ്ഡ് വസ്ത്രമായ പഹാഡി ധരിച്ചാണ് മോദി ക്ഷേത്രദര്‍ശനത്തിനെത്തിയത്. അരമണിക്കൂറോളം ആരാധനാലയത്തില്‍ ചെലവഴിച്ച ശേഷം മടങ്ങിയ അദ്ദേഹം ധ്യാനത്തിനായി ഗുഹയിലേക്കുപോയി. ഇതിന്റെ ചിത്രങ്ങള്‍  എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. 

രണ്ട് കിലോമീറ്റര്‍ ദൂരം കാല്‍നടയായി സഞ്ചരിച്ചാണ് മോദി ഗുഹയില്‍ എത്തിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. ഗുഹയ്ക്കുള്ളിലെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം അനുമതി നല്‍കി. ഞായറാഴ്ച രാവിലെവരെ അദ്ദേഹം ധ്യാനത്തില്‍ ഏര്‍പ്പെടും. 

 

modi

ശിവക്ഷേത്രമായ കേദാര്‍നാഥിലെ സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം ഞായറാഴ്ച ബദരീനാഥിലെത്തും. രണ്ട് കൊല്ലത്തിനിടെ നാല് തവണ മോദി കേദാര്‍നാഥില്‍ ദര്‍ശനം നടത്തിയിരുന്നു. ഞായാഴ്ച ഉച്ചയ്ക്ക് മോദി ഡല്‍ഹിയിലേക്ക് മടങ്ങും. 

മോദിയുടേത് തികച്ചും ആത്മീയ സന്ദര്‍ശനമാണെന്നും അദ്ദേഹത്തിന്റെ സന്ദര്‍ശനം ജനങ്ങള്‍ക്ക് സന്തോഷം നല്‍കിയെന്നും ബിജെപി  സംസ്ഥാന അധ്യക്ഷന്‍ അജയ് ഭട്ട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Content Highlights:  Modi offers prayers at Kedarnath shrine, meditates in cave