ആഗ്ര: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ പ്രതിച്ഛായാ നിര്‍മിതിയില്‍ നിര്‍ണായകമായിരുന്നു അദ്ദേഹം ഒരു ചായവില്‍പനക്കാരനായിരുന്നു എന്ന പ്രചാരണം. അടുത്ത തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ഈ അവകാശവാദത്തെ തള്ളി രംഗത്തെത്തിയിരിക്കുകയാണ് വിശ്വ ഹിന്ദു പരിഷത്ത് മുന്‍ അധ്യക്ഷനും മോദിയുടെ ദീര്‍ഘകാല സുഹൃത്തുമായിരുന്ന പ്രവീണ്‍ തൊഗാഡിയ. നരേന്ദ്രമോദി ഒരിക്കലും ചായവില്‍പന നടത്തിയിട്ടില്ലെന്നാണ് തൊഗാഡിയയുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ 43 വര്‍ഷമായി താന്‍ മോദിയുടെ സുഹൃത്തായിരുന്നെന്നും ഒരിക്കല്‍ പോലും മോദി ചായ വില്‍പന നടത്തുന്നത് താന്‍ കണ്ടില്ലില്ലെന്നും തൊഗാഡിയ പറയുന്നു. പൊതുജങ്ങളുടെ സഹാനുഭൂതി നേടുന്നതിനുവേണ്ടിയാണ് ചായ വില്‍പനക്കാരന്‍ എന്ന പ്രതിച്ഛായ നിര്‍മിച്ചതെന്നും അദ്ദേഹം പറയുന്നു. ആര്‍എസ്എസിനോ ബിജെപിക്കോ അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന ഉദ്ദേശ്യമില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുത്തലാഖ് പാര്‍ലമെന്റില്‍ നിയമമാക്കുന്നതിന് മോദി വളരെ പ്രയത്‌നിച്ചു. എന്നാല്‍ രാമക്ഷേത്ര നിര്‍മാണത്തിനായി നിയമനിര്‍മാണം നടത്താന്‍ മോദി യാതൊരു ശ്രമവും നടത്തിയില്ല. രണ്ടാം വട്ടവും മോദി പ്രധാനമന്ത്രിയായാലും ക്ഷേത്രനിര്‍മാണം നടക്കില്ല. കാരണം, ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലനില്‍പുതന്നെ രാമക്ഷേത്രം എന്ന വിഷയത്തിന്റെ പുറത്താണ്. ആ വിഷയം പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ ഈ സംഘടനകള്‍ ഇല്ലാതെയാകും. അതുകൊണ്ടാണ് രാമക്ഷേത്ര വിഷയം എല്ലായ്‌പോഴും ചര്‍ച്ചയാക്കുകയും എന്നാല്‍ ക്ഷേത്രം നിര്‍മിക്കാതിരിക്കുകയും ചെയ്യുന്നതെന്നും തൊഗാഡിയ പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മോദിക്ക് ഗുജറാത്തിലേയ്ക്കും ഭയ്യാജി ജോഷിക്ക് നാഗ്പുരിലേയ്ക്കും തിരിച്ചുപോകേണ്ടിവരുമെന്നും തൊഗാഡിയ പറഞ്ഞു. മോദിയുമായി അകന്നതിനെ തുടര്‍ന്ന് വിഎച്ച്പി അധ്യക്ഷനായിരുന്ന പ്രവീണ്‍ തൊഗാഡിയയ്ക്ക് സ്ഥാനം നഷ്ടമായിരുന്നു. തുടര്‍ന്ന് സംഘടയില്‍നിന്ന് രാജിവെച്ച തൊഗാഡിയ അന്താരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) രൂപവത്കരിച്ചു.

Content Highlights: Narendra Modi, tea seller, election gimmick, Praveen Togadia, BJP, RSS, VHP, AHP